BUSINESS

Semicon 2026 : ലോകത്തിന്റെ ഗാഡ്ജറ്റ് ഹബ്ബായി ഇന്ത്യയുടെ ‘അശ്വമേധം’; 1311000000000 രൂപയുടെ ഉല്പാദനവുമായി ഇലക്ട്രോണിക്സ് മേഖല, കുതിച്ചുയർന്ന് കയറ്റുമതി


ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിൽ വിപ്ലവം. ഉല്പാദനവും, കയറ്റുമതിയും കുതിച്ചുയർന്നതായി കണക്കുകൾ കഥ പറയുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല വൻ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മൊത്തം ഉൽപ്പാദനം 7 മടങ്ങും ഇലക്ട്രോണിക്സ് കയറ്റുമതി 11 മടങ്ങും വർദ്ധിച്ചതായി ഇന്ന്, ജൂലൈ 22 ബുധനാഴ്ച ലോക്‌സഭയിൽ ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു.ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ജിതിൻ പ്രസാദ ഇങ്ങനെ പറഞ്ഞു- “ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ 99.2 ശതമാനവും രാജ്യത്ത് തന്നെ നിർമ്മിക്കുന്ന ഘട്ടത്തിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു. വോളിയം അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനത്തിൽ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാക്കളാണ്.”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ കാഴ്ചപ്പാടുകൾ മുൻനിർത്തി ഇലക്ട്രോണിക്സ് നിർമ്മാണത്തിനായി സമഗ്രമായ ഒരു ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നയപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്തിമ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ സബ്-അസംബ്ലികൾ, ഘടകഭാഗങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് വ്യാപിപ്പിക്കുന്ന കൃത്യമായ തന്ത്രമാണ് സർക്കാർ നടപ്പിലാക്കിയത്. ഒപ്പം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. കുതിച്ചുയർന്ന് ഇലക്ട്രോണിക്സ് ഉൽപ്പാദനംഔദ്യോഗിക കണക്കുകൾ പ്രകാരം, ഇലക്ട്രോണിക്സ് ഉൽപ്പാദന മൂല്യം 2014-15 കാലയളവിലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 ൽ 13.11 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ഏഴുമടങ്ങ് വർദ്ധനവാണ്. സമാന കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 38,000 കോടി രൂപയിൽ നിന്ന് 4.24 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് 11 മടങ്ങ് വർദ്ധനവുമാണ്. ഏറ്റവും വലിയ വളർച്ച കൈവരിച്ചത് മൊബൈൽ ഫോൺ മേഖലയിലാണ്. മൊബൈൽ നിർമ്മാണം 2014-15 കാലഘട്ടത്തിലെ 18,000 കോടി രൂപയിൽ നിന്ന് 2025-26 ൽ 6.27 ലക്ഷം കോടി രൂപയായി വളർന്നു. മൊബൈൽ ഫോൺ കയറ്റുമതി 1,500 കോടി രൂപയിൽ നിന്ന് 2.59 ലക്ഷം കോടി രൂപയായി ഉയർന്ന് 165 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി.2026 സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ പരമ്പരാഗത കയറ്റുമതി വസ്തുക്കളെ പിന്നിലാക്കി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉൽപ്പന്നമായി മാറി. അമേരിക്ക, യു.എ.ഇ, ചൈന, നെതർലൻഡ്‌സ്, ഹോങ്കോംഗ് എന്നിവടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടന്നത്. 25 ലക്ഷം തൊഴിലവസരങ്ങൾഇലക്ട്രോണിക്സ് നിർമ്മാണ രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ച രാജ്യത്ത് വലിയ രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സർക്കാർ വ്യക്തമാക്കി. ഈ മേഖല നിലവിൽ 25 ലക്ഷത്തോളം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു. മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് മാത്രം 12 ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. തൊഴിൽ രംഗത്ത് സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നതിലും ഇലക്ട്രോണിക്സ് മേഖല പ്രധാന പങ്ക് വഹിക്കുന്നു. ചില മൊബൈൽ നിർമ്മാണ യൂണിറ്റുകളിൽ 70 ശതമാനത്തോളം ജീവനക്കാരും സ്ത്രീകളാണ്.നയപരമായ മുന്നേറ്റങ്ങൾകഴിഞ്ഞ ഒരു പതിറ്റാണ്ടായി നടപ്പിലാക്കിയ നയപരമായ തീരുമാനങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണത്തിനുള്ള പി.എൽ.ഐ പദ്ധതി, ഐടി ഹാർഡ്‌വെയറിനുള്ള പി.എൽ.ഐ 2.0, വികസിപ്പിച്ച ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ (EMC 2.0), സ്പെക്സ് പദ്ധതി, സെമികൺഡക്ടർ നിർമ്മാണ പദ്ധതി, ഇലക്ട്രോണിക് കോമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീം, 100% നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ ഇതിൽ ഉൾപ്പെടുന്നു.നൂതന പദ്ധതികൾസെമികൺഡക്ടർ നിർമ്മാണം, അഡ്വാൻസ്ഡ് പാക്കേജിംഗ്, ഡിസൈൻ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനായി 1.27 ലക്ഷം കോടി രൂപ വകയിരുത്തി അടുത്തിടെ അംഗീകരിച്ച ‘ സെമികോൺ 2.0 ‘ പദ്ധതിയും സർക്കാർ എടുത്തുപറഞ്ഞു. കൂടാതെ, ആഭ്യന്തര ഉൽപ്പാദന മൂല്യം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീമിന് (MPMS) തുടക്കം കുറിച്ചിട്ടുമുണ്ട്.


Read News

Back to top button