NEWS

പ്രിയദർശിനി ബസ്‌ വൻ വിജയം, സ്‌ത്രീകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കെഎസ്‌‌ആർ‌ടിസി, സർവീസുകൾ നാളെമുതൽ

പിങ്ക് ബസ്

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതിക്ക് പിന്നാലെ സ്‌ത്രീകൾക്കായി ‘പിങ്ക് ബസ്’ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ കെഎസ്‌ആർ‌ടിസി. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി നാളെ ഉച്ചയ്‌ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ പദ്ധതിയുടെ ഉദ്‌ഘാടനം നടക്കും, ഗതാഗത മന്ത്രി സിപി ജോൺ പദ്ധതി ഉദ്‌ഘാടനം ചെയ്യും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം-ടെക്‌നോപാർക്ക് റൂട്ടിലാകും സർവീസ്. കിഴക്കേകോട്ടയിൽ നിന്ന് തമ്പാനൂർ, പട്ടം, മെഡി.കോളേജ് (ആർ.സി.സി), ഉള്ളൂർ, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴിയാണ് സർവീസ്. രാത്രി 9:05ന് ടെക്‌നോപാർക്കിലേക്ക് സർവീസുണ്ട്. 10 മണിക്ക് ടെക്‌നോ‌പാർക്കിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് സർ‌വീസ് ഉണ്ട്. പിന്നീട് പുലർച്ചെ നാല് മണിമുതൽ ടെക്‌നോപാർക്കിലേക്ക് സർവീസ് ആരംഭിക്കും.

രാത്രി ട്രെയിനിൽ എത്തുന്നവർക്കും നഗരത്തിലെ വിവിധയിടങ്ങളിലെ വനിതാ ജീവനക്കാർക്കും സിനിമ കഴിഞ്ഞിറങ്ങുന്ന വനിതകൾക്കും ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമെല്ലാം സർവീസ് ഗുണകരമാകുമെന്നും പ്രതിധ്വനി എന്ന സംഘടനയുടെ നിവേദനം അനുസരിച്ചാണ് സർവീസെന്നും ഗതാഗത മന്ത്രി സിപി ജോൺ വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിലെ പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ വണ്ടികൾ പിങ്ക് സർവീസിനായി നിലവിൽ അനുവദിച്ചിട്ടുണ്ട്. സർവീസ് കൃത്യത ഉറപ്പാക്കാൻ ഭാവിയിൽ റിസർവേഷനും ഇലക്‌ട്രിക് ബസുകളിറക്കുന്നതും ഭാവിയിൽ കെഎസ്‌ആർടിസി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary

Following the launch of the Priyadarshini free bus travel scheme, KSRTC will introduce a Pink Bus service exclusively for women on a pilot basis. The initiative, part of the UDF government’s 100-day action programme, will be inaugurated at 1 p.m. tomorrow at the Thiruvananthapuram Central Depot by Transport Minister C.P. John.

Read News ⏭️

Back to top button