NEWS

ഇങ്ങനെ വൈകല്ലേ… ഹാജർ പോകും..: വേണാട് വീണ്ടും വൈകുന്നു; പലരുടെയും ജോലി പോലും നഷ്ടപ്പെടുമെന്ന ഭീതി


തൃപ്പൂണിത്തുറ ∙ ഓഫിസുകളിൽ ഹാജറുകൾ നഷ്ടപ്പെടുന്ന വിധം വേണാട് എക്സ്പ്രസ് ട്രെയിൻ വീണ്ടും വൈകുന്നതായി പരാതി. അരമണിക്കൂറിലേറെ വൈകിയാണ് വേണാട് പലപ്പോഴും ഇപ്പോൾ തൃപ്പൂണിത്തുറയിൽ എത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ സർവീസായ വേണാടിൽ തൃപ്പൂണിത്തുറയിൽ ഇറങ്ങുന്നത് ആയിരങ്ങളാണ്. എന്നാലിപ്പോൾ വേണാട് പതിവായി വൈകുന്നതോടെ പലരുടെയും ജോലി പോലും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് വൈകാൻ കാരണം. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും, കടുത്ത നിയന്ത്രണം നൽകി ജോലികൾ നടത്തുന്ന കൊറിഡോർ ബ്ലോക്കിൽ ഒരു സെക്‌ഷനിലെ ജോലികൾ പൂർണമായും എകീകരിക്കാത്തതും അടിക്കടിയുള്ള നിയന്ത്രണങ്ങൾക്ക് കാരണമാകുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. ട്രെയിൻ വഴി തിരിച്ചു വിടുമ്പോൾ ഒന്നിലധികം ജോലികൾ പൂർത്തിയാക്കുന്നതിലും സമന്വയിപ്പിക്കുന്നതിനും ഡിവിഷൻ പരാജയമാണ്.ഈ പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് തൃപ്പൂണിത്തുറ വരെയുള്ള വേണാടിലെ യാത്രക്കാരെയാണ്. തിരുവനന്തപുരം മുതൽ തൃപ്പൂണിത്തുറ വരെ വേണാടിന് അധിക സമയമൊന്നും നൽകിയിട്ടില്ലാത്തതിനാൽ നിയന്ത്രണം കടുപ്പിക്കും തോറും വൈകുന്ന സമയവും വർധിക്കും. 66328 മെമു 12 കാറിൽ സർവീസ് തുടങ്ങിയിട്ടും രാവിലത്തെ വേണാടിലെ തിരക്കിന് ശമനമില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് കുമാർ പറഞ്ഞു. തിരക്കുകൾ അനിയന്ത്രിതമായി തുടരുന്നതിനാൽ പാൻട്രി കാർ ഒഴിവാക്കിയാണ് വേണാട് ഇപ്പോഴും സർവീസ് നടത്തുന്നത്. ഒപ്പം രാവിലത്തെ സമയക്രമം പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button