BUSINESS

വികസിത രാജ്യത്ത് ഒരാൾക്ക് 7 ചെരിപ്പ്; ഇന്ത്യയിലോ? കേരളത്തെ തളർത്തി കോവിഡും പ്രളയവും, കരകയറാൻ ‘പുത്തൻ 3ഡി’ വിദ്യ


കോഴിക്കോട്∙ വികസിത രാജ്യത്ത് ഒരാൾക്ക് 7 ചെരിപ്പ് എന്നതാണ് കണക്ക്. ഇന്ത്യയിലെ കണക്ക് അറിയാമോ? നിലവിൽ ഇന്ത്യയുടെ ചെരിപ്പുപയോഗം ഒരാൾക്ക് രണ്ടു ജോഡി ചെരിപ്പിൽ താഴെ എന്ന നിരക്കിലാണെന്ന് വികെസി ഗ്രൂപ്പ് മേധാവി വി.കെ.സി.റസാഖ് പറഞ്ഞു. 2030 ആവുമ്പോഴേക്ക് ഇന്ത്യയിൽ ഒരാൾക്ക് നാലു ചെരിപ്പ് എന്ന നിരക്കിലേക്ക് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ പോളി യൂറിത്തീൻ ചെരിപ്പുകളുടെ തലസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. 2019 വരെ ഇന്ത്യയിലെ 50 ശതമാനത്തിലധികം പിയു റെക്സിൻ ചെരിപ്പുകളും കേരളത്തിലാണ് നിർമിച്ചിരുന്നത്. എന്നാൽ‍ കോവിഡിനും പ്രളയത്തിനും ശേഷം കേരളത്തിന്റെ നിർമാണമേഖല തളർച്ചയിലാണ്. ഈ വെല്ലുവിളിയെ മറികടക്കാൻ പുതിയ സാങ്കേതികവിദ്യ അത്യാവശ്യമാണ്. ത്രീഡി പ്രിന്റിങ് പോലെ ചെരിപ്പു നിർമാണമേഖലയിലെ പുതിയ ട്രെൻഡുകൾ കേരളത്തിൽ എത്തിയാൽ മാത്രമേ കേരളത്തിലെ ചെറുകിട നിർമാതാക്കൾ‍ക്കു പിടിച്ചുനിൽക്കാനാവൂ എന്നും വി.കെ.സി.റസാഖ് പറഞ്ഞു.ചെരിപ്പുനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടാൻ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ വരുകയാണ്. പുതിയ ചെരിപ്പുകളുടെ രൂപകൽപനയും നിർമാണവും വേഗത്തിലാക്കാനും ചെലവു ചുരുക്കാനും സഹായിക്കുന്ന 3ഡി പ്രിന്റർ ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് സെന്ററും ഫുട്‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരളയും നടത്തുന്ന ഫുട്‌വെയർ എക്സ്പോ കേരളയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ചെരിപ്പുണ്ടാക്കുന്ന പോളി യൂറിത്തീൻ റെക്സിൻ (പിയു റെക്സിൻ) ഉപയോഗിച്ച് ചെരിപ്പും മോൾഡും പ്രിന്റ് ചെയ്തെടുക്കുന്ന ഈ പ്രിന്റർ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. ചൈനയിൽനിന്നാണ് പ്രിന്റർ എത്തിച്ചിരിക്കുന്നത്. ചെരിപ്പു നിർമാണ കമ്പനികൾ പുതിയ പാദരക്ഷ ഡിസൈൻ ചെയ്യുമ്പോൾ അതിന്റെ ഡിസൈൻ ഡൽഹിയിലേക്കോ ചൈനയിലേക്കോ അയച്ചുകൊടുക്കുകയാണ് പതിവ്. ഈ ഡിസൈൻ അനുസരിച്ചുള്ള മോൾഡ് നിർമിച്ച് ചൈനയിൽനിന്ന് 10 ദിവസത്തോളമെടുത്താണ് കമ്പനിക്കു തിരികെ ലഭിക്കുന്നത്. ഡൽഹിയിൽനിന്ന് ഇതു ലഭിക്കാൻ 4 മുതൽ 7 ദിവസം വരെയെടുക്കും. മോൾഡിന്റെ ഡിസൈനിലോ സൈസിലോ എന്തെങ്കിലും മാറ്റം വരുത്തണമെന്നു തോന്നിയാൽ ഡിസൈൻ വീണ്ടും പുതുക്കി അയച്ചുകൊടുക്കുകയും പുതിയ മോൾഡ് നിർമിച്ച് തിരികെവരുന്നതു വരെ കാത്തിരിക്കുകയും വേണം.എന്നാൽ 3ഡി പ്രിന്റിങ് യന്ത്രം ചെരിപ്പുനിർമാണ കമ്പനിയിലുണ്ടെങ്കിൽ തയാറാക്കിയ ഡിസൈൻ നേരിട്ട് യന്ത്രത്തിലേക്ക് കൊടുക്കുകയും മോൾഡ് പ്രിന്റ് ചെയ്ത് എടുക്കുകയും ചെയ്യാം. നാലു മണിക്കൂർ മാത്രമാണ് മോൾഡ് പ്രിന്റ് ചെയ്തെടുക്കാൻ വേണ്ടത്. പിയു റെക്സിനാണ് പ്രിന്റിങ്ങിന് ഉപയോഗിക്കുന്നത്. കട്ടി കൂടിയ പിയു റെക്സിൻ ഉപയോഗിച്ച് മോൾഡ് ഉണ്ടാക്കിയ ശേഷം പരിശോധന നടത്താം. ഡിസൈനിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതു വരുത്തി വീണ്ടും പ്രിന്റ് ചെയ്യാം. മോൾഡ് കൃത്യമായിക്കഴിഞ്ഞാൽ കട്ടി കുറഞ്ഞ സാധാരണ പിയു റെക്സിൻ ഉപയോഗിച്ച് ചെരിപ്പ് പ്രിന്റ് ചെയ്തെടുത്ത് ഉപയോഗിച്ച് നോക്കാം. 


Travel ⏭️

Back to top button