LIFESTYLE

മന്നത്തിന് മാത്രമല്ല ,​ ഷാരൂഖിന്റെ ഡൽഹിയിലെ വസതിക്കുമുണ്ട് പ്രത്യേകതകൾ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ മന്നത്ത് പ്രശസ്തമാണ്. ഏകദേശം 300 കോടി വിമതിക്കുന്ന ആഡംബര വസതിയാണ് മന്നത്. ഈ വീട് പോലെ തന്നെ പ്രശസ്തമായ മറ്റൊരു വസതി ഷാരൂഖിന് ഡൽഹിയിലുണ്ട്. ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരിഖാൻ അടുത്തിടെ റീഡിസൈൻ ചെയ്ത ഈ വസതി കുടുംബത്തിന്റെ അനവധി ഓർമ്മകളുടെ ഇടംകൂടിയാണ്. സൗത്ത് ഡൽഹിയിലാണ് ഈ ഡ്യൂപ്ലക്സ് ഹോം സ്ഥിതി ചെയ്യുന്നത്. 2021ൽ ആരാധാകർക്ക് ഈവീട്ടിൽ താമസിക്കാനുള്ള ഓഫറും പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ ഡൽഹിയിലെ വീടിനെ കുറിച്ച് ഗൗരി ഖാൻ ഇൻസ്റ്രഗ്രാമിൽ ഒരിക്കൽ കുറിപ്പ് പങ്കുവച്ചിരുന്നു,​ യാത്രകളുടെയും ചെറിയ മനോഹര നിമിഷങ്ങളുടെയും ഓർമ്മകൾ പേറുന്ന ഇടമാണിതെന്നാണ് ഗൗരി കുറിച്ചത്. വിവിധ ടെക്ചറുകളും റഗുകളും ഫാബ്രിക്കുകളും കലാസൃഷ്ടികളും കൊണ്ടാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയതെന്നും അവർ വ്യക്തമാക്കിയിരുന്നു.

കറുത്ത ആക്സന്റ് ചുമരിന് മുന്നിലെ വെളുത്ത കിടക്കയാണ് കിടപ്പുമുറിയിലെ പ്രധാന ആകർഷണം. തടിപാകിയ പ്ലോറും കറുത്ത ആക്സന്റ് കസേരകൾ, ഐവറി നിറത്തിലുള്ള റഗ് എന്നിവ ചേർന്ന് മുറിക്ക് ആധുനികവും മനോഹരവുമായ ഭംഗി നൽകുന്നു. മറ്റൊരു ചുമരിൽ കുടുംബത്തിന്റെ അപൂർവ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നു. വിവാഹശേഷം ഷാരൂഖും ഗൗരിയും ആദ്യമായി ഒരുമിച്ച് താമസിച്ച വീടാണിതെന്നതാണ് ഏറ്റവും വലിയ സവിശേഷത. . പിന്നീട് സിനിമയ്ക്ക് വേണ്ടി ഷാരൂഖ് മുംബയിലേക്ക് മാറുകയായിരുന്നു.

വീട്ടിൽ നിറയെ വ്യക്തിപരമായ ഓർമച്ചിഹ്നങ്ങളും കുടുംബചിത്രങ്ങളുമുണ്ട്. മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരുടെ ബാല്യകാല ചിത്രങ്ങൾ വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആര്യന്റെ ആദ്യ ബാഡ്മിന്റൺ റാക്കറ്റ്, സുഹാനയുടെ ആദ്യ മേക്കപ്പ് ബ്രഷുകൾ, അബ്രാമിന്റെ ആദ്യ ജന്മദിന സമ്മാനം, ഷാരൂഖിന്റെ ഇഷ്ട സിനിമയുമായി ബന്ധപ്പെട്ട ഒറിജിനൽ നെഗറ്റീവുകൾ എന്നിവയും വീട്ടിലെ പ്രത്യേക കോണിൽ സൂക്ഷിച്ചിരിക്കുന്നു. ഷാരൂഖും ഗൗരിയും പ്രണയത്തിന്റെ ആദ്യകാലത്ത് പരസ്പരം കൈമാറിയ കാർഡുകളും ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ഫ്രഞ്ച് ഡോറുകൾ വഴി കടന്നുവരുന്ന സൂര്യപ്രകാശം വീട്ടിൽ എപ്പോഴും വെളിച്ചം നിറയിക്കുന്നു. വിശാലത തോന്നിക്കുന്ന രീതിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ആധുനിക ലൈറ്റിംഗ്, അലങ്കാര വിളക്കുകൾ, ആർട്ട് കളക്ഷനുകൾ എന്നിവ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് ഖാൻ അടുത്തിടെ 37 കോടി രൂപ ചെലവഴിച്ച് ഇതേ കെട്ടിടത്തിലെ രണ്ടും മൂന്നാം നിലകളും സ്വന്തമാക്കിയിരുന്നു. ഇതോടെ മുഴുവൻ കെട്ടിടവും ഇപ്പോൾ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലായി.


News ⏭️

Back to top button