സ്പാനിഷ് വിസ്മയത്തിന് ലാലേട്ടൻ സാക്ഷി, സ്പെയിൻ-ഫ്രാൻസ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹൻലാൽ

സ്പെയിൻ-ഫ്രാൻസ് സെമി ഫൈനൽ കാണാനെത്തിയ മോഹൻലാൽ, ഭാര്യ സുചിത്ര, സ്റ്റീഫൻ ദേവസി,ആന്റണി പെരുമ്പാവൂർ എന്നിവർ
ഡാലസ്: അമേരിക്കയിലെ ഡാലസിൽ സ്പെയിൻ-ഫ്രാൻസ് സെമി ഫൈനൽ പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും എത്തി. മോഹൻലാലും ഭാര്യ സുചിത്രയും ഒന്നിച്ചാണ് ഫിഫ ലോകകപ്പ് ആദ്യ സെമി മത്സരം കാണാനെത്തിയത്. സ്റ്റേഡിയത്തിലെ കൂറ്റൻ ബിഗ് സ്ക്രീനിൽ താരത്തിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.
70,000ത്തിലധികം കാണികൾ നിറഞ്ഞ ഗാലറിയിൽ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും സാന്നിദ്ധ്യം മലയാളി ആരാധകർക്ക് കൂടുതൽ ആവേശം നൽകി. ചുവന്ന ടീഷർട്ടും തൊപ്പിയും പിരിച്ച മീശയുമൊക്കെയായി സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ, സ്റ്റീഫൻ ദേവസി, ഐ എം വിജയൻ എന്നിവരും ഫുട്ബോൾ ആവേശത്തിന്റെ ഭാഗമാകാനെത്തി.
ലോകകപ്പ് മത്സരങ്ങളുടെ വേദിയിൽ മോഹൻലാൽ മുമ്പും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന-സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാനും മോഹൻലാൽ എത്തിയിരുന്നു. അർജന്റീനയുടെ എവേ ജേഴ്സിയും കൊമ്പൻ മീശയും കറുത്ത കണ്ണടയുമായി ഗ്യാലറിയിലിരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ അന്നും വൈറലായിരുന്നു.
English Summary
Actor Mohanlal, along with his wife Suchitra, Antony Perumbavoor, and Stephen Devassy, attended the Spain-France semi-final in Dallas, USA. His presence at the 70,000-plus capacity stadium garnered significant attention, with images of him going viral on social media. Mohanlal had previously also attended the Argentina-Switzerland quarter-final match in Kansas City.
RELATED TOPICS: MOHANLAL, MOHANLAL SUCHITHRA, SPAIN VS FRANCE SEMIFINAL, FIFA WORLD CUP 2026, DALLAS WORLD CUP MATCH
Business ⏭️


