NEWS

സുഗതന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും നിയമപ്രശ്നം; ആശങ്ക മാറാതെ ബിജെപി, മേയർക്ക് മുന്നിൽ അവധി അപേക്ഷ


തിരുവനന്തപുരം ∙ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കുന്ന നിയമപ്രശ്നങ്ങൾ ബാക്കി. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 91(കെ) പ്രകാരം, തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. ജൂൺ 9 ന് അറസ്റ്റിലായ സുഗതന്റെ 6 മാസം തടവ് ഡിസംബറിലാണ് അവസാനിക്കുക. ഈ കാലയളവിനിടെ മൂന്നിൽ കൂടുതൽ കൗൺസിൽ യോഗങ്ങൾ ചേരാൻ സാധ്യതയുള്ളതിനാൽ സുഗതൻ അയോഗ്യനാകുമോ എന്നതിൽ ബിജെപിക്ക് ആശങ്കയുണ്ട്.എന്നാൽ, നിയമത്തിലെ ഇതേവകുപ്പിൽ തന്നെ ‘നഗരസഭയുടെ അനുമതിയില്ലാതെ’ കൗൺസിൽ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലേ അയോഗ്യത ബാധകമാകൂ എന്നും പരാമർശിക്കുന്നുണ്ട്. 6 മാസം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ മേയർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണ്. ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ നടത്തിയതോടെ ഇതിനു മുൻപുള്ള 2 കൗൺസിൽ യോഗങ്ങളി‍ൽ സുഗതൻ പങ്കെടുത്തില്ല എന്നതിനു പ്രസക്തി ഇല്ലാതായെന്നും അവധി അപേക്ഷ അടുത്ത കൗൺസിൽ യോഗം മുതലാണ് ബാധകമാകുകയെന്നുമാണു ബിജെപിയുടെ വാദം.


Fashion ⏭️

Back to top button