LIFESTYLE

‘വലിയ മനസുള്ള ചെറിയ മനുഷ്യർ’; സ്‌നേഹ സന്ദേശങ്ങളുമായി സോഷ്യൽ മീഡിയ


കൂട്ടുകാരിക്ക് തലമുടികെട്ടിക്കൊടുക്കുന്ന കുരുന്ന്

പലരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായതും തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതുമായ കാലഘട്ടമാകും ബാല്യകാലം. ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കമായ കാലഘട്ടമാണത്. ഉപാധികളില്ലാതെയുള്ള കുട്ടികളുടെ പരസ്‌പര സ്‌നേഹവും പരിചരണവും പലപ്പോഴും മുതിർന്നവരുടെ മനസലിയിക്കുന്നതായിരിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീ‌ഡിയയിൽ വൈറലാകുന്നത്.

ഒപ്പമിരുന്ന് പഠിക്കുന്ന കൂട്ടുകാരിയുടെ അഴിഞ്ഞുവീണ തലമുടി കെട്ടിക്കൊടുക്കാൻ ശ്രമിക്കുന്ന ആൺകുട്ടിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. എങ്ങനെയാണ് തലമുടി കെട്ടേണ്ടതെന്ന് അറിയില്ലെങ്കിലും അവൻ വീണ്ടും വീണ്ടും അതിന് ശ്രമിക്കുന്നുണ്ട്. കൗതുകത്തോടെ അത് നോക്കിയിരിക്കുന്ന മറ്റ് കുട്ടികളെയും ദൃശ്യങ്ങളിൽ കാണാം. ‘വലിയ മനസ്സുള്ള ചെറിയ മനുഷ്യർ പരസ്പരം സഹായിക്കാൻ പഠിക്കുന്ന ഈ കുരുന്നുകളാണ് നാളത്തെ നമ്മുടെ പ്രതീക്ഷ. കുഞ്ഞുമനസിലെ വലിയ കരുതൽ’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ സ്‌നേഹ സന്ദേശങ്ങളുമായെത്തുന്നത്. അവൻ നല്ലൊരു ആങ്ങളെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇരുവരും എല്ലാക്കാലത്തും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ചിലർ ആശംസിക്കുന്നുണ്ട്. മറ്റുചിലരാകട്ടെ ഇത്രയും നന്നായി മകനെ വളർത്തുന്ന അവന്റെ അച്ഛനമ്മമാരെ അഭിനന്ദിക്കാനും മറക്കുന്നില്ല.


News ⏭️

Back to top button