TRAVEL

കുന്നിൻമുകളിൽ പണ്ടൊരു ബംഗ്ലാവ് ഉയർന്നു, കെട്ടിടം പണിത ആശാരി ദേവലോകം എന്ന് പേരുവിളിച്ചു


വെറുമൊരു ആരാധനാലയം മാത്രമല്ല കോട്ടയത്തെ ദേവലോകം പള്ളി. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിന്റേയും വിശ്വാസപ്രമാണങ്ങളുടേയുമെല്ലാം വേര് ഈ പള്ളിയുമായി ചേർന്നുകിടിക്കുന്നു.സത്യക്രിസ്ത്യാനികളുടെ നാടാണ് കോട്ടയം. അവിടെ മുട്ടമ്പലത്തിനടുത്തുള്ള കുന്നിൻമുകളിൽ വർഷങ്ങൾക്ക് മുൻപ് ഒരു ബംഗ്ലാവ് ഉയർന്നു. കെട്ടിടം പണിത ആശാരി അതിന് ദേവലോകം എന്ന് പേരുവിളിച്ചു. കാലം ഏറെ മുന്നോട്ടുപോയി. മീനച്ചിലാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. 1953ൽ ദേവലോകത്തിന്റെ മണ്ണിൽ ഒരു ചാപ്പൽ ഉയർന്നു. പോകെപ്പോകെ വിശ്വാസികളുടെ അഭയവും ആശ്രയവുമായിത്തീർന്നു ആ പള്ളി. ദേവലോകം പള്ളി ഇന്ന് കോട്ടയത്തിന്റെ അഭിമാനമാണ്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമോന്നത ആസ്ഥാനവും.ഓട്ടോയിറങ്ങി വൻമരങ്ങൾ തണലിടുന്ന പാതയിലൂടെ ദേവലോകത്തിലേക്ക് പ്രവേശിച്ചു. വെറുമൊരു പള്ളിയല്ല ദേവലോകം. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ട ചെപ്പേടുകളും ശാസനങ്ങളും തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അല്പദൂരം മുന്നോട്ടുപോയപ്പോൾ വലതുവശത്തായി ചെറിയൊരു കെട്ടിടം കണ്ടു. ഇതാണ് പഴയ ദേവലോകം ബംഗ്ലാവ്. 1951ലെ തിരുകൊച്ചി ഹൈക്കോടതിയുടെ പ്രതികൂല വിധിപ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് പുതിയൊരു ആസ്ഥാനം കണ്ടെത്തേണ്ടിവന്നു. അതുവരെ സഭയുടെ ആസ്ഥാനം കോട്ടയത്തെ പഴയ സെമിനാരി ആയിരുന്നു. അങ്ങനെയാണ് ദേവലോകം സഭയുടെ പുണ്യഭൂമിയായി മാറിയത്. സഭാ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദീർഘവീക്ഷണമായിരുന്നു ദേവലോകം എന്ന സഭാ ആസ്ഥാനം. കെ.സി. മാമ്മൻമാപ്പിള, മാളിയേക്കൽ എം.സി.മാത്യു, ഉപ്പൂട്ടിൽ കുഞ്ഞച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവലോകം വാങ്ങുന്നതിന്റെ കാര്യങ്ങളെല്ലാം നടന്നത്. അങ്ങിനെ ദേവലോകം ബംഗ്ലാവ് ദേവലോകം അരമനയായി: പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായി. ഇന്ന് ഈ കെട്ടിടത്തിൽ മാനേജറുടെ ഓഫീസും മെസ്സും പ്രവർത്തിക്കുന്നു.കാഴ്ചകളും ചരിത്രവുമാണ് ദേവലോകത്തിലെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നത്. ജപമാലയിലെ മുത്തുകൾപോലെ അവ പരസ്പരം കോർത്തിരിക്കുന്നു. ചരിത്രമറിയാതെ കാഴ്ചകളിലേക്ക് കടക്കാൻ കഴിയില്ല. ഇപ്പോഴത്തെ അരമന മാനേജർ ഫാദർ യാക്കോബ് തോമസ് പഴയ കഥകൾ പറഞ്ഞുതന്നു. മലങ്കര നസ്രാണികളുടെ ഉദയവും വളർച്ചയുമെല്ലാം ആ കഥകളിൽ തെളിഞ്ഞുനിന്നു.തോമാശ്ലീഹയുടെ പിൻതലമുറക്കാരാണെന്ന് വിശ്വസിക്കുന്നവരാണ് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭക്കാർ. കർത്താവിന്റെ പന്ത്രണ്ടുശിഷ്യരിൽ ഒരാളായ തോമാശ്ലീഹയാണ് ഇന്ത്യയിലും പേർഷ്യയിലും സഭ സ്ഥാപിച്ചത്. ഇന്ത്യയിലെ സഭ മലങ്കര മലങ്കരം സഭ എന്നും സഭാംഗങ്ങൾ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും അറിയപ്പെട്ടു. മലങ്കരസഭയിൽ അക്കാലത്ത് തദ്ദേശീയരായ ബിഷപ്പുമാർ ഇല്ലായിരുന്നു. അതിനാൽ പേർഷ്യയിൽനിന്ന് അവരെ കൊണ്ടുവരേണ്ടിവന്നു. അങ്ങനെയെത്തിയവരാണ് മാർ സാബോർ, മാർ അഫ്രോത്ത്, മരുവാൻസബ്രീശോ എന്ന പേർഷ്യൻ കച്ചവടക്കാരനൊപ്പമാണ് അവർ കൊല്ലത്തെത്തിയത്. അവർ കൊല്ലത്ത് നിർമ്മിച്ച തരിസാപള്ളിക്ക് അന്ന് വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ നൽകിയ അധികാരരേഖയാണ് തരിസാപ്പള്ളി ശാസനങ്ങൾ എന്ന് അറിയപ്പെടുന്നത്.പിന്നീട് പോർട്ടുഗീസുകാർ ഇവിടെയെത്തി. പള്ളികൾ പിടിച്ചെടുക്കാനും കേരള ക്രൈസ്തവസഭയെ പാശ്ചാത്യമേൽക്കോയ്മയിലേക്ക് കൊണ്ടുവരാനും അവർ ശ്രമിച്ചു. 1599ൽ നടന്ന ഉദയംപേരൂർ സുനഹദോസ് അത്തരത്തിലൊരു നീക്കമായിരുന്നു. പക്ഷേ മാർത്തോമ ക്രിസ്ത്യാനികൾ അതിനെചെറുത്തു. പോർച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ അവർ 1653 ജനുവരി 3ന് മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം. 2,500 ഓളം വരുന്ന വിശ്വാസികൾ കുരിശിൽ വടം കെട്ടി അതിൽ പിടിച്ചാണ് സത്യം ചെയ്തത്. പിന്നീട് മലങ്കര നസ്രാണികൾക്കിടയിൽ ഒട്ടേറെ പിളർപ്പുണ്ടായെങ്കിലും മെത്രാൻമാരുടേയും വിശ്വാസികളുടേയും നേതൃത്വത്തിൽ സുറിയാനി സഭ വളർന്നു. ദേവലോകം അരമന ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമോന്നത കേന്ദ്രമായിത്തീരുകയും ചെയ്തു.


Source link

Back to top button