NEWS

എംഎൽഎയുടെ പേരിൽ നിയമസഭയിൽ‌ കള്ളയൊപ്പ്; സി.സി. മുകുന്ദന്റെ മുൻ പിഎ അറസ്റ്റിൽ


തൃശൂർ ∙ എംഎൽഎയുടെ പേരിൽ കള്ളയൊപ്പിട്ടു നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ തട്ടിയെടുത്ത കേസിൽ മുൻ പഴ്സനൽ അസിസ്റ്റന്റ് അറസ്റ്റിൽ. നാട്ടിക മുൻ എംഎൽഎ സി.സി. മുകുന്ദന്റെ പിഎ ആയിരുന്ന മസൂദ് കെ.വിനോദിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ജൂൺ ഒന്നു മുതൽ 2023 ഡിസംബർ 31 വരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തെന്ന്, അന്ന് എംഎൽഎയായിരുന്ന സി.സി. മുകുന്ദന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി ഓവർടൈം ഡ്യൂട്ടി അലവൻസ് കൈപ്പറ്റിയെന്നാണ് കേസ്.നിയമസഭയിൽ നിന്നു വിവരാവകാശ അപേക്ഷ വഴി ലഭിച്ച രേഖകൾ സഹിതം തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിൽ 2024ൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് 2025 മാർച്ചിൽ അന്തിക്കാട് സ്റ്റേഷനിലേക്ക് കേസ് കൈമാറി. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദിനെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ ക്രമക്കേടുകൾ പുറത്തുവന്നതോടെ 2024 ജനുവരിയിൽ മസൂദിനെ പഴ്സനൽ സ്റ്റാഫിൽ നിന്ന് സി.സി. മുകുന്ദൻ പുറത്താക്കിയിരുന്നു. 15 വർഷത്തോളം മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്നു മസൂദ്.


Source link

Back to top button