NEWS
വിഴിഞ്ഞം: ഓഹരിക്കൈമാറ്റ വിഷയത്തിൽ തർക്കം; സിപിഎമ്മിൽ ഭിന്നതയുടെ തിരയടി

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സിപിഎം നേതൃത്വത്തിൽ ഭിന്നത മൂർഛിക്കുന്നു. വിമതരെ ക്ഷണിച്ചതിൽ പാർട്ടിയിലെ വിരുദ്ധാഭിപ്രായങ്ങൾ വിവാദമായതിനു പിന്നാലെ, വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും ഭിന്നസ്വരം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഓഹരിക്കൈമാറ്റത്തിൽ ദുരൂഹത ആരോപിക്കുമ്പോൾ, ‘വിവാദം അനാവശ്യമാണ്’ എന്നാണു കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ വാദം. വിഴിഞ്ഞം തുറമുഖ (വിസിൽ) എംഡിയെ നീക്കിയതിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അദാനി– സർക്കാർ ഡീൽ ആരോപിക്കുമ്പോൾ, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ അതിനെ തള്ളി. കണ്ണൂരിൽനിന്നുള്ള നേതാക്കളാണു പരസ്പരം തള്ളിപ്പറയുന്നതെന്നതു ശ്രദ്ധേയം. പിണറായിക്കും ഗോവിന്ദനുമെതിരെ ചേരി രൂപപ്പെടുന്നുവെന്ന സംശയവും ഉയരുന്നുണ്ട്.എംഎസ്സി– അദാനി ഓഹരിക്കൈമാറ്റത്തിലൂടെ തുറമുഖത്തു കുത്തകവൽക്കരണമുണ്ടാകുമെന്നും സംസ്ഥാന താൽപര്യം ബലികഴിക്കപ്പെടുന്നുവെന്നുമുള്ള സംശയമാണു പിണറായി ഉയർത്തുന്നത്. എം.വി.ഗോവിന്ദനും തോമസ് ഐസക്കും കെ.എൻ.ബാലഗോപാലുമെല്ലാം ഇതേറ്റുപിടിച്ചു. ഇതിനിടയിലാണു ദിവ്യ എസ്.അയ്യരെ നീക്കിയത് ചൂണ്ടിക്കാട്ടി സർക്കാരിനെ ആക്രമിച്ചു രാഗേഷ് രംഗത്തെത്തിയത്. രാഗേഷിനെ സംരക്ഷിച്ചാണു പാർട്ടി സെക്രട്ടറി പ്രതികരിച്ചതെങ്കിലും, സർക്കാരിന്റെ ഭാഗമായ ഒരുദ്യോഗസ്ഥയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം പാർട്ടി പരസ്യമായി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കൾക്കുമുണ്ട്. അതാണു ശൈലജ പ്രകടിപ്പിച്ചത്.
Source link


