NEWS

വിലാപയാത്രയിൽ ‘അപ്രതീക്ഷിത സാന്നിധ്യം’; ‘നിഴൽ രാജകുമാരനെ’ കാത്ത് ട്രംപും നെതന്യാഹുവും: ഖമനയിക്ക് കണ്ണീരോടെ വിടചൊല്ലാൻ ഇറാൻ


ടെഹ്റാൻ∙ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് ഇറാൻ ഇന്ന് വിടചൊല്ലും. യുദ്ധസാഹചര്യവും ആഭ്യന്തര-ബാഹ്യ സമ്മർദങ്ങളും ശക്തമായ സാഹചര്യത്തിലും ദിവസങ്ങൾ നീണ്ട വിലാപയാത്രയാണ് പ്രിയനേതാവിനായി ഇറാൻ ഒരുക്കിയത്. ആയിരക്കണക്കിന് ആളുകൾ സംസ്കാരച്ചടങ്ങുകളുടെ ഭാഗമായി നടന്ന വിലാപയാത്രയിൽ അണിചേർന്നു.ഇറാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-മതപരമായ ചടങ്ങുകളിലൊന്നായാണ് ഈ വിലാപയാത്രയെ വിലയിരുത്തുന്നത്. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ പ്രതികാരത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന ചുവന്ന പതാകകൾ ഉയർത്തിയാണ് ജനക്കൂട്ടം വിലാപയാത്രയിൽ അണിനിരന്നത്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ മുദ്രാവാക്യങ്ങളും വിലാപയാത്രയിൽ മുഴങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം പതിച്ച പോസ്റ്ററുകൾക്ക് നേരെ ചിലർ കല്ലെറിയുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട അലി ഖമനയിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ വഹിച്ച പേടകങ്ങളുമായുള്ള പ്രത്യേക വാഹനത്തെ സ്വീകരിക്കാൻ റോഡിന്റെ ഇരുവശവും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.∙ എവിടെ മുജ്തബ? കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ രണ്ടാമത്തെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയിയെ ഫെബ്രുവരി 28ലെ ആക്രമണത്തിന് ശേഷം ഇതുവരെ പൊതുപരിപാടികളിൽ ആരും കണ്ടിട്ടില്ല. പിതാവിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇന്ന് പിതാവിനും കുടുംബാംഗങ്ങൾക്കും രാജ്യം വിടചൊല്ലുമ്പോൾ മുജ്തബ എത്തുമോ എന്ന ചോദ്യത്തിനാണ് ലോകം ഉത്തരം തേടുന്നത്.


Source link

Back to top button