NEWS

ഉഡുപ്പി – കരിന്തളം 400 കെവി ലൈൻ: കൈമാറിയ വനഭൂമിയിൽ ഇനി ഔഷധസസ്യങ്ങൾ വളരും


മുള്ളേരിയ ∙ പണി പുരോഗമിക്കുന്ന ഉഡുപ്പി -കരിന്തളം 400 കെവി വൈദ്യുതി ലൈനിനായി മരങ്ങൾ മുറിച്ച സംരക്ഷിത വനഭൂമിയിൽ ഇനി ഉയരം കുറഞ്ഞ ഔഷധച്ചെടികൾ വളരും. വൈദ്യുതലൈൻ കടന്നു പോകുന്നതിന്റെ ചുവട്ടിൽ 32,500ലേറെ ഔഷധച്ചെടികളാണ് വനം വകുപ്പ് നട്ടുപിടിപ്പിക്കുന്നത്. അതതു പ്രദേശങ്ങളിലെ വനസംരക്ഷണ സമിതികളുടെ മേൽനോട്ടത്തിലാകും തൈകൾ നടുന്നത്. അശോകം, നെല്ലി, പേര, കുമ്പിൾ, ഇലഞ്ഞി, ഞാവൽ തുടങ്ങിയ മരങ്ങളാണ് നടുക. അടുത്ത നവംബർ, ഡിസംബർ മാസങ്ങളിലായി തൈകൾ ഉൽപാദിപ്പിച്ച് അടുത്ത വർഷം ജൂൺ മാസത്തിൽ നടുന്ന രീതിയിലാണ് പദ്ധതി. പദ്ധതിക്കായി 13 ഹെക്ടർ സ്ഥലമാണ് വനം വകുപ്പ് വിട്ടുനൽകിയത്.പ്രധാനമായും ഇത് കാറഡുക്ക സെക്‌ഷൻ പരിധിയിലാണ്. 3.6 കി മീ നീളത്തിൽ 36 മീറ്റർ വീതിയിലാണ് വനത്തിൽ നിന്ന് മരങ്ങൾ മുറിച്ചത്. ഇതിൽ കൂടുതലും അക്കേഷ്യേ മരങ്ങളാണ്. പകരം ഔഷധ മൂല്യമുള്ള തൈകൾ നടുമ്പോൾ പരിസ്ഥിതി പുനഃസ്ഥാപനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. കമ്മാടം കാവിൽ പകരം ഭൂമി നൽകിയാണ് പദ്ധതിക്കായി വനഭൂമി ഏറ്റെടുത്തത്. മുറിച്ച മരങ്ങൾക്ക് പകരം മരങ്ങൾ നടാനുളള തുക മുൻകൂറായി വനം വകുപ്പ് ഈടാക്കിയിരുന്നു. വൈദ്യുതി ലൈനിൽ മരങ്ങൾ തട്ടാതിരിക്കാൻ ഉയരം കുറഞ്ഞ മരങ്ങൾ മാത്രമേ ചുവട്ടിൽ നടാൻ പാടുള്ളൂ എന്നാണ് കേന്ദ്രനിർദേശം. ഇതനുസരിച്ചാണ് ഔഷധ മൂല്യമുള്ളവ നടാൻ തീരുമാനിച്ചതെന്ന് ഡിഎഫ്ഒ ജോസ് മാത്യു പറഞ്ഞു.


Source link

Back to top button