NEWS
കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയാക്കി പൊതുഭരണ വകുപ്പ്; പുതിയ ഉത്തരവിറക്കി തലയൂരി

തിരുവനന്തപുരം ∙ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ച് വെട്ടിലായ പൊതുഭരണ വകുപ്പ് ഉടൻ ഉത്തരവു തിരുത്തി തലയൂരി. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ ഉത്തരവിലാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പ്രദീപ് കുമാറിനെ ‘ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ’ സ്ഥലം മാറ്റി നിയമിക്കുന്നുവെന്ന് വ്യക്തമാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയാക്കിയ ഉത്തരവു കണ്ട ഉദ്യോഗസ്ഥനും ഞെട്ടി.വിഷയം സെക്രട്ടേറിയറ്റിലും സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയായതിനു പിന്നാലെ പിഴവു തിരുത്തി വകുപ്പ് പുതിയ ഉത്തരവു പുറത്തിറക്കുകയായിരുന്നു. പ്രദീപ് കുമാർ നിയമിതനായ ഓഫിസ് ‘ചീഫ് സെക്രട്ടറിയുടെ ഓഫിസ്’ എന്നു ഭേദഗതി വരുത്തിയാണ് അന്നു തന്നെ പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനകം ഉത്തരവിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Source link


