NEWS
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പൊലീസ് സംഘത്തെ പിന്തുടർന്ന് തടഞ്ഞ് യുവതി; ഒരാൾ ഇറങ്ങിയോടി

പത്തനംതിട്ട ∙ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പൊലീസ് സംഘത്തെ ഓട്ടോഡ്രൈവറായ യുവതി പിന്തുടർന്ന് തടഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിന്നീട് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സംഘത്തിന്റെ വൈദ്യ പരിശോധന നടത്തിയെങ്കിലും ഇവർ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല. നഗരത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൈലപ്ര ഭാഗത്തു നിന്ന് വന്ന പൊലീസ് ജീപ്പ് പലയിടത്തുംവച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കാൻ ചെന്നിരുന്നു. വനിത ഓട്ടോഡ്രൈവർ ഓടിച്ച ഓട്ടോയിലും ജീപ്പ് ഇടിക്കാൻ തുടങ്ങി. തുടർന്ന് ജീപ്പിനെ പിന്തുടർന്ന യുവതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം വച്ച് ജീപ്പ് തടഞ്ഞു. ഇതുകണ്ട നാട്ടുകാരും ഒത്തുകൂടി. സംഗതി പന്തിയല്ലെന്ന് മനസ്സിലായ പൊലീസ് സംഘത്തിലെ ഒരാൾ ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. ബഹളം കൂടിയതോടെ പൊലീസ് സ്ഥലത്തെത്തി സംഘത്തിലുണ്ടായിരുന്നു 3 പേരെയും കൂട്ടിക്കൊണ്ടുപോയി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.
Source link


