NEWS
400 ലേറെ വീടുകളുളള പ്രദേശം വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഏറ്റെടുക്കും? പ്രതിഷേധവുമായി നാട്ടുകാർ

പാറശാല ∙ വിഴിഞ്ഞം തുറമുഖത്തിന്റെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് (എംഎംഎൽപി) സ്ഥാപിക്കാൻ കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങരയിൽ 51 ഏക്കർ സ്ഥലം ഏറ്റെടുക്കാനുളള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ട്. ഫിഷറീസ് ആൻഡ് പോർട്ട് വകുപ്പ് മാർച്ച് 14ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചത്. ഈ ഉത്തരവിൽ കോട്ടുകാൽ, മാറനല്ലൂർ അമരവിള എന്നീ സ്ഥലങ്ങളിലായി ആകെ 230 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് നിർദ്ദേശം. ഇതിൽ അമരവിളയിലെ സ്ഥലം കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (കോൺകോർ) മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കാനാണെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നു.അമരവിള എന്നാണ് ഉത്തരവിൽ പറയുന്നതെങ്കിലും ഇതിന് അനുബന്ധമായി ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് പുറപ്പെടുവിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലെ സർവേ നമ്പർ പ്രകാരം തൊട്ടടുത്ത ഉദിയൻകുളങ്ങര ടൗണിലെ സ്ഥലങ്ങളാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണെന്ന് നാട്ടുകാർ പറയുന്നു. കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര, ദേവേശ്വരം വാർഡുകളിലെ 22 സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന 51.5 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്ന് ഗസറ്റ് വിജ്ഞാപനം പറയുന്നു.
Fashion ⏭️




