BUSINESS
സഹകരണ മേഖലയിൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുമായി അമിത് ഷാ; ‘ഭാരത് ടാക്സി’ക്ക് പിന്നാലെ പുതിയ ലക്ഷ്യം

രാജ്യത്ത് സഹകരണമേഖലയിൽ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഓൺലൈൻ ടാക്സി കമ്പനികൾക്ക് ബദലായി സഹകരണരംഗത്ത് ‘ഭാരത് ടാക്സി’ എന്ന സംരംഭം ആരംഭിച്ചതിന്റെ ചുവടുപിടിച്ചാണ് ലൈഫ് ഇൻഷുറൻസ് മേഖലയിലേക്കുമുള്ള ചുവടുവയ്പ്.കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ 5-ാം സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നിലവിൽ സഹകരണ മേഖലയിൽ നിന്ന് ജനറൽ ഇൻഷുറൻസ് രംഗത്ത് സാന്നിധ്യമായൊരു കമ്പനിയുണ്ട് – ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ്. ലൈഫ് ഇൻഷുറൻസിലേക്കുള്ള ചുവടുവയ്പ് ആദ്യമാണ്.അതേസമയം ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ വിശദാംശങ്ങൾ, ഉടമസ്ഥൃവിവരങ്ങൾ എന്നിവയെക്കുറിച്ചോ ഇൻഷുറൻസ് റുഗലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയോട് (ഐആർഡിഎഐ) അനുമതി തേടുന്നത് സംബന്ധിച്ചോ അമിത് ഷാ വ്യക്തമാക്കിയിട്ടില്ല.ഭാരത് ടാക്സിക്ക് ഫെബ്രുവരി 5ന് ആയിരുന്നു തുടക്കം. അടുത്ത 2 വർഷത്തിനകം ഭാരത് ടാക്സി സേവനം എല്ലാ സംസ്ഥാനങ്ങളിലുമായി 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലാകെ 8.5 സഹകരണ സൊസൈറ്റികളുണ്ട്; അവയിലായി 30 കോടി അംഗങ്ങളും. സഹകരണ രംഗത്തെ പരമ്പരാഗത മേഖലകളായ ക്ഷീരമേഖല, പഞ്ചസാര, വളം, ബാങ്കിങ് എന്നിവയ്ക്കപ്പുറം ഇപ്പോൾ വാഹന ഗതാഗതം, ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്കും സാന്നിധ്യമറിയിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. അനുകൂല സാഹചര്യം മുൻനിർത്തിയാണ് സഹകരണ മേഖലയിൽ ലൈഫ് ഇൻഷുറൻസ് സ്ഥാപനം ആരംഭിക്കാനുള്ള കേന്ദ്രനീക്കം. ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള 100% വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു. മാത്രമല്ല, കഴിഞ്ഞവർഷം ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികളിന്മേലുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് പൂർണമായി വെട്ടിക്കുറച്ച് പൂജ്യവുമാക്കി.ഇന്ത്യയിലിപ്പോൾ 20ലേറെ കമ്പനികൾ ലൈഫ് ഇൻഷുറൻസ് രംഗത്തുണ്ട്. പൊതുമേഖലാ കമ്പനിയായ എൽഐസിയാണ് ഏറ്റവും വലുത്. അതേസമയം, ഇന്ത്യയിൽ ഇപ്പോഴും 5 ശതമാനത്തിൽ താഴെ ആളുകൾക്കേ ഇൻഷുറൻസ് കവറേജുള്ളൂ. അതായത്, മുന്നിൽ ഇനിയും വലിയ സാധ്യതകൾ തുറന്നുകിടക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സഹകരണ മേഖലയിലും ലൈഫ് ഇൻഷുറൻസ് കമ്പനിയെന്ന ആശയം കേന്ദ്രം ആലോചിക്കുന്നത്. ‘അമുൽ’ പോലെ ലോകതലത്തിൽതന്നെ സാന്നിധ്യമാകാൻ കരുത്തുള്ള കമ്പനികളെ സഹകരണമേഖലയിൽ സൃഷ്ടിക്കുകയാണ് കേന്ദ്രലക്ഷ്യം.
Source link


