BUSINESS

പാതിരാത്രി ‘അസാധാരണ മിഷന്’ കൊച്ചി മെട്രോ, ഓടുന്ന ട്രെയിനിൽ ഇങ്ങനെയൊന്ന് ഇതാദ്യം, ഒരുങ്ങും 100 എഐ ടൂളുകൾ


ഈ വരുന്ന 18ന് പതിവ് സമയം കഴിഞ്ഞും കൊച്ചി മെട്രോ പാളത്തിലിറങ്ങും. യാത്രക്കാരെ കൊണ്ടുപോകാനെന്ന് കരുതിയെങ്കിൽ തെറ്റി. ഓടുന്ന മെട്രോ ട്രെയിനിൽ നടക്കുന്ന ലോകത്തിലെ ആദ്യ ഹാക്കത്തോണിന് വേദിയാവാനാണ് പാതിരാത്രിയിലെ ഈ ‘അസാധാരണ യാത്ര’. ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ കോഡെക്സ് പ്ലാറ്റ്ഫോം കൂട്ടായ്മയാണ് ‘കോഡെക്സ് നൈറ്റ് ലൈൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 100 പേർ ഇതിൽ പങ്കാളികളാകും.രാത്രി 11ന് വൈറ്റിലയിൽ നിന്ന് ആലുവയിലേക്ക് പുറപ്പെടുന്ന ട്രെയിൻ തിരിച്ച് തൃപ്പൂണിത്തുറ ചുറ്റി വൈറ്റിലയിൽ മടങ്ങിയെത്തുന്നതു വരെയാണ് കൗണ്ട് ഡൗൺ. ഈ രണ്ടു മണിക്കൂറിനകത്ത് മെട്രോ ട്രെയിനിനുള്ളിൽ ഇരുന്ന് എഐ ടൂളുകൾ നിർമിക്കുകയാണ് ദൗത്യം. സോഫ്റ്റ്‍വെയറുകൾ നിർമിക്കുന്ന ഓപ്പൺ എഐയുടെ എഐ ഏജന്റായ കോഡെക്സ് ഉപയോഗിച്ചാണിത്. അതിസങ്കീർണമായ കോഡുകൾ ഉപയോഗിച്ചാണ് അടുത്തകാലത്തു വരെ സോഫ്റ്റ് വെയറുകൾ നിർമിച്ചിരുന്നത്. ഇതിനു പകരം സാധാരണ ഭാഷയിൽ നൽകുന്ന പ്രോംപ്ടുകളിലൂടെ സോഫ്റ്റ്‍വെയറുകൾ ഒരുക്കാനുള്ള പ്ലാറ്റ്ഫോമാണ് കോഡെക്സ്.നഗര ഗതാഗതം, കമ്യൂണിറ്റി, പ്രൊഡക്ടിവിറ്റി, ബിസിനസ് ആൻ‍ഡ് ക്രിയേറ്റർ ടൂൾസ് എന്നിങ്ങനെ നാലു തീമുകളിലാണ് ടൂളുകൾ നിർമിക്കുന്നത്. വൈറ്റിലയിൽ തിരിച്ചെത്തുന്ന മത്സരാർത്ഥികളുടെ ടൂളുകൾ വിദഗ്ധ സമിതി പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 പ്രോജക്ടുകൾ വേദിയിൽ അവതരിപ്പിക്കാനും അവസരം ലഭിക്കും. ഇതിൽ ഏറ്റവും മികച്ചതെന്ന് കണ്ടെത്തുന്ന മൂന്നെണ്ണത്തിനു സമ്മാനവുമുണ്ടാകും. ഇതിനോടകം ഹാക്കത്തോണിൽ താൽപര്യമറിയിച്ച് 1000ത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകരിൽ ഒരാളും കൊച്ചിയിലെ ഓപ്പൺ എഐ കോഡെക്സ് അംബാസഡറുമായ വൈശാഖ് സുരേഷ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. റജിസ്റ്റർ ചെയ്തവരിൽ നിന്ന് തിര‍ഞ്ഞെടുക്കുന്ന 100 പേർക്കാണ് ഹാക്കത്തോണിൽ പങ്കെടുക്കാൻ അവസരമെന്നും വൈശാഖ് പറഞ്ഞു.


Source link

Back to top button