NEWS
‘ഇറാനിലെ എല്ലാ നേതാക്കളെയും ഒറ്റവെടിക്ക് ഇല്ലാതാക്കാം, പക്ഷേ അത് ചെയ്യില്ല’: പ്രകോപനവുമായി ട്രംപ്

വാഷിങ്ടൻ ∙ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ പ്രകോപനപരമായ വാക്കുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇങ്ങനെ ചെയ്താൽ പിന്നീട് ചർച്ച നടത്താനായി ആരും അവിടെ അവശേഷിക്കില്ലെന്നും അതിനാൽ അത്തരം പ്രവൃത്തി ചെയ്യില്ലെന്നും ട്രംപ് ഒരു മാധ്യമത്തിനോടു പറഞ്ഞു.ഖമനയിയുടെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒരാഴ്ച ചർച്ചകൾ നിർത്തി വയ്ക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. ഇക്കാലയളവിൽ പരസ്പരം ആക്രമിക്കുകയുമില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് രൂപീകരണത്തിന്റെ 250-ാം വാർഷികമായ ജൂലൈ 4 ആണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ ഇറാൻ ആരംഭിച്ചത്. ഇറാനിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ചടങ്ങുകൾക്ക് ഭാഗമാകാൻ ഒത്തുകൂടുന്നത്. സംസ്കാര ചടങ്ങിനെത്തുന്ന ഇറാൻ പൗരന്മാർ വിലപിക്കുന്നതിനെയും ട്രംപ് പരിഹസിച്ചു. അത് വ്യാജ കണ്ണീരാണെന്നും ആളുകൾ ഖമനയിയെ വെറുക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
Source link


