അറബിക്കടലിന്റെ ആഴങ്ങളിൽ പുതിയ മത്സ്യം; കണ്ടെത്തിയത് കൊല്ലം ഹാർബറിൽ നിന്ന്

ഇന്ത്യൻ ഡോറി
അറബിക്കടലിൽ നിന്ന് പുതിയയിനം ആഴക്കടൽ മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തി. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. ‘ഇന്ത്യൻ ഡോറി” എന്ന് വിളിക്കുന്ന മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇൻഡിക്ക’ എന്ന് ശാസ്ത്രീയനാമം നൽകി. കൊല്ലം ശക്തികുളങ്ങര ഹാർബറിലെത്തിയ ആഴക്കടൽ ട്രോളിംഗ് ബോട്ടുകളിൽ നിന്ന് ലഭിച്ച ആറുമത്സ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ഡോ.ആർ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നിൽ.
പരമ്പരാഗത ശാസ്ത്രീയ വർഗീകരണ രീതികളിലും അത്യാധുനിക ഡി.എൻ.എ പരിശോധനയിലുമാണ് പുതിയയിനം മീനാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഈ മത്സ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നതെങ്കിലും ജനിതകഘടനയിൽ വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഇന്ത്യൻ ജേണൽ ഒഫ് ഫിഷറീസിൽ പഠനം പ്രസിദ്ധീകരിച്ചു.
‘ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലെ ആഴക്കടലിൽ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിദ്ധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നൽകുന്നതാണ് പുതിയ കണ്ടെത്തൽ’- ഡോ.ആർ. രതീഷ് കുമാർ പറഞ്ഞു.
RELATED TOPICS: ARABIAN SEA NEW FISH, KOLLAM HARBOUR, NEW FISH SPECIES, ARABIAN SEA MARINE LIFE, KOLLAM HARBOUR MATSYAM
Source link


