NEWS
നീറ്റ് ചോർച്ച: കെണി വച്ച് പാക്ക് ഹാക്കർമാർ; ‘സ്റ്റെൽത് സെർവർ’ ചോർത്തും സകല വിവരവും

കോട്ടയം ∙ നീറ്റ്– യുജി ചോദ്യപ്പേപ്പർ ചോർച്ചയുടെ മറവിൽ കെണിയൊരുക്കി സൈബർ കുറ്റവാളികൾ. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മുതലെടുത്ത് കംപ്യൂട്ടറുകളിൽ മാൽവെയറുകൾ കടത്തിവിട്ടാണു തട്ടിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായ ഹാക്കിങ് സംഘം എപിടി–36 ആണ് ഇതിനു പിന്നിൽ. കൊച്ചി ആസ്ഥാനമായ ഫാൽക്കൺ ഫീഡ്സ് എന്ന സൈബർ ഇന്റലിജൻസ് കമ്പനിയുടെ റിപ്പോർട്ടിലാണു കണ്ടെത്തൽ. തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഒന്നിലധികം ഫയലുകൾ അടങ്ങിയ ‘സിപ്പ് ആർക്കൈവുകൾ’ ഇ–മെയിൽ വഴിയും വാട്‍സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും അയയ്ക്കും. വെബ്സൈറ്റുകളിലും അപ്‍ലോഡ് ചെയ്യും. ‘നീറ്റ് –യുജി പേപ്പർ ലീക്ക് ലീഗൽ ഡോക്യുമെന്റ്സ്’ എന്നാവും ഫയലിന്റെ പേര്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ, ഉത്തരക്കടലാസുകൾ, കോടതി വിവരങ്ങൾ എന്നിവ അടങ്ങിയ ഫയലുകളാണ് ഇതെന്ന സന്ദേശവും ചിലപ്പോൾ ഉണ്ടാവും. ആകാംക്ഷയോടെ ഫയൽ തുറക്കുമ്പോൾ ഉള്ളിൽ ഒന്നും ഉണ്ടാവില്ല. അതേസമയം, വിദ്യാർഥി പോലുമറിയാതെ ‘സ്റ്റെൽത് സെർവർ’ എന്നറിയപ്പെടുന്ന അപകടകാരിയായ മാൽവെയർ സിസ്റ്റത്തിൽ പ്രവേശിക്കും. ഇങ്ങനെ, വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആയിരക്കണക്കിനു കംപ്യൂട്ടറുകൾ ഒരേസമയം ഹാക്ക് ചെയ്യാനാകും.ഐപി അഡ്രസ്, സോഫ്റ്റ്‍വെയർ /നെറ്റ്‌വർക്ക് വിവരങ്ങൾ, സ്വകാര്യ രേഖകൾ, പാസ്‌വേഡുകൾ, ജിയോ ലൊക്കേഷൻ തുടങ്ങിയ നിർണായക വിവരങ്ങൾ ഇതുവഴി ചോർത്താം. സിസ്റ്റം ഉപയോഗിക്കുന്ന ആൾ ലോഗിൻ ചെയ്യുന്നതു മുതലുള്ള പ്രവർത്തനം നിരീക്ഷിച്ച് മാൽവെയർ വിവരങ്ങൾ തത്സമയം കുറ്റവാളികൾക്കു കൈമാറിക്കൊണ്ടിരിക്കും. ഇതിനായി വെബ്–സോക്കറ്റ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വിശ്വസനീയത തോന്നാൻ സർക്കാർ സ്ഥാപനങ്ങൾക്കു സമാനമായ പേരുകളിലാവും വെബ്സൈറ്റുകൾ നിർമിക്കുന്നത്. ഒറ്റനോട്ടത്തിൽ പേരുകളും ലോഗോകളും ഒരുപോലെ തോന്നാം. എന്നാൽ അക്ഷരങ്ങളിലോ നിറങ്ങളിലോ ചെറിയ വ്യത്യാസമുണ്ടാകും.എപിടി– 36
Source link


