‘കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്’; വീണ്ടും വിവാദ പരാമർശവുമായി എം എം മണി

എം എം മണി
മൂന്നാർ: വീണ്ടും പ്രസംഗത്തിനിടെ വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എം എം മണി. ഇടുക്കി വട്ടവടയിൽ കഴിഞ്ഞദിവസം നടന്ന അഭിമന്യു അനുസ്‌മരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പരാമർശം. എസ്‌എഫ്‌ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളേജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നുമാണ് മണി പ്രസംഗത്തിൽ പറഞ്ഞത്.
‘ഉന്നത വിദ്യാഭ്യാസത്തിനുപോയ അഭിമന്യുവിനെ നിഷ്ഠൂരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതെ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാണ്. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ, കേസൊക്കെയുണ്ടല്ലോ’- എന്നായിരുന്നു പ്രസംഗത്തിനിടെ എം എം മണി പറഞ്ഞത്.
ആഴ്‌ചകൾക്കുമുൻപ് വനംമന്ത്രിക്കെതിരെ എം എം മണി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നുമായിരുന്നു മണി പറഞ്ഞത്. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. വന്യജീവി ആക്രമണത്തിന് ഒറ്റമൂലിയില്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മണി. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ടുമുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും മണി കൂട്ടിച്ചേർത്തിരുന്നു.
Source link
NEWS
Read News
Read News✅


