‘മേക്ക് മി പ്രൗഡ്’ എന്ന് ഭാര്യ പറഞ്ഞു; ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യ ലിപ്ലോക്കിനെക്കുറിച്ച് നടൻ

സാക്ഷി തൻവാറുമായുള്ള ചുംബന രംഗത്തിൽ റാം കപൂർ. റാം കപൂറും ഗൗതമിയും (ഇടത്)
മിനിസ്ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ‘ബഡേ അച്ചേ ലഗ്തേ ഹേ’. സീരിയലിൽ നടൻ റാം കപൂറും നടി സാക്ഷി തൻവാറും തമ്മിലുള്ള ചുംബനരംഗം അക്കാലത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ, ആ രംഗം കുടുംബജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് റാം കപൂറും ഭാര്യ ഗൗതമിയും പഴയൊരു അഭിമുഖത്തിൽ പറയുന്ന വീഡിയോ ശ്രദ്ധേയമാവുകയാണ്. മാദ്ധ്യമപ്രവർത്തകൻ നയൻദീപ് രക്ഷിതുമായി താരദമ്പതികൾ നടത്തിയ സംഭാഷണമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
സാക്ഷി തൻവാറിന് മുൻപ് മറ്റ് രണ്ട് നടികളുമായി താൻ ക്യാമറയ്ക്ക് മുന്നിൽ ചുംബനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് റാം കപൂർ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ, എന്തുകൊണ്ടോ മൂന്നാമത്തെ ചുംബനമാണ് ഗൗതമിയെ ഏറെ അസ്വസ്ഥയാക്കിയതെന്ന് നടൻ പറഞ്ഞു. അന്ന് തനിക്കുണ്ടായ ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും കാരണം പൊസസീവ്നെസാണെന്ന് ഗൗതമിയും സമ്മതിക്കുന്നുണ്ട്.
റാം കപൂറും ഗൗതമിയും
‘ഞാൻ അന്ന് രണ്ട് ചെറിയ കുട്ടികളുടെ അമ്മയായിരുന്നു. എനിക്ക് ദേഷ്യം വന്നു എന്നത് സത്യമാണ്. പക്ഷേ പിന്നീട് ആലോചിച്ചു, ഞാനും ഒരു അഭിനേത്രിയല്ലെ, എന്നിട്ടും എന്തിനാണ് അങ്ങനെ പ്രതികരിച്ചതെന്ന്. എന്നെ മുൻകൂട്ടി അറിയിക്കാതെ ആ രംഗം ചെയ്തതുകൊണ്ടാണ് പെട്ടെന്ന് അങ്ങനെയൊരു പ്രതികരണമുണ്ടായത്. മുൻപത്തെ ചുംബനരംഗങ്ങൾ കണ്ടപ്പോൾ ഇനി മേലാൽ ഓൺക്രീനിൽ ആരെയും ചുംബിക്കരുതെന്നും, മറ്റെന്തും ചെയ്യാമെന്ന് ഞാൻ റാമിനോട് തറപ്പിച്ചു പറഞ്ഞിരുന്നു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ഡീൽ. അതുകൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്’- ഗൗതമി പറഞ്ഞു.
എന്നാൽ അഭിനേതാവ് എന്ന നിലയിൽ നമ്മൾ എപ്പോഴും പ്രൊഫഷണലായിരിക്കണം. ഒരു തിരക്കഥയിൽ ഒപ്പുവച്ചുകഴിഞ്ഞാൽ അതിനോട് പൂർണമായും നീതി പുലർത്തണമെന്നാണ് ഗൗതമിയോട് താൻ പറഞ്ഞതെന്ന് റാം കപൂറും അഭമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, പ്രമുഖ റിയാലിറ്റി ഷോയായ ‘ലോക്ക് അപ്പ്’ സീസൺ രണ്ടിൽ പങ്കെടുത്തപ്പോൾ സഹമത്സരാർത്ഥിയായ മാധുരിയോട് സംസാരിക്കവെ റാം കപൂർ ഈ വിഷയത്തിൽ മറ്റൊരു കാര്യം കൂടി പങ്കുവച്ചിരുന്നു. താര ഭാര്യമാർക്ക് തങ്ങളുടെ ഭർത്താക്കന്മാർ സ്ക്രീനിൽ മറ്റ് നടിമാരുമായി പ്രണയിക്കുന്നത് കാണുന്നത് ബുദ്ധിമുട്ടായിരിക്കില്ലേ എന്ന മാധുരിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഭാര്യമാർക്ക് സ്നേഹവും സുരക്ഷിതത്വവും നൽകേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നാണ് റാം കപൂർ പ്രതിരകരിച്ചത്.
ദേശീയ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ലിപ്-ടു-ലിപ് ചുംബനരംഗത്തിൽ അഭിനയിക്കുന്ന നടൻ താനായതുകൊണ്ട് തന്നെ ആ രംഗത്തിന്റെ പ്രാധാന്യം ഗൗതമി മനസിലാക്കിയിരുന്നു. തന്റെ തീരുമാനത്തെ പിന്തുണച്ച്, ‘മേക്ക് മി പ്രൗഡ്’ എന്ന് പറഞ്ഞാണ് ഭാര്യ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും റാം കപൂർ ഓർത്തെടുത്തു.
Source link


