AUTO

വാഹന വിൽപനയിൽ റെക്കോർഡ് നേട്ടവുമായി മുൻനിര കമ്പനികൾ; എസ്‌യുവി മോഡലുകൾക്ക് പ്രിയമേറുന്നു


ആഭ്യന്തര വിപണിയിലും വിദേശത്തേക്കുള്ള കയറ്റുമതിയിലും മികച്ച പ്രകടനം തുടര്‍ന്ന് രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കള്‍. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടേയ് കമ്പനികള്‍ ജൂണ്‍ മാസത്തില്‍ മികച്ച വില്‍പനയാണ് രേഖപ്പെടുത്തിയത്. എസ്‌യുവി മോഡലുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യക്കാരാണ് കമ്പനികളുടെ നേട്ടത്തിനു പിന്നില്‍. വില്‍പനയിലും കയറ്റുമതിയിലും ഒരുപോലെ മികച്ച പ്രകടനവുമായാണ് മാരുതി സുസുക്കി ഒന്നാമതെത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനവും മഹീന്ദ്ര മൂന്നാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്. ഹ്യുണ്ടേയ്, ടൊയോട്ട, കിയ, എംജി മോട്ടോര്‍, റെനോ, നിസാന്‍ എന്നിവയാണ് തുടര്‍ന്നുള്ള പത്തു സ്ഥാനങ്ങളിലെ കമ്പനികള്‍. യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തില്‍ ബ്രെസ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, എക്‌സ്എല്‍6, ജിംനി, വിക്ടോറിസ്, ഇന്‍വിക്ടോ, ഇ വിറ്റാര എന്നീ മോഡലുകള്‍ വലിയ ചലനമാണ് വിപണിയില്‍ ഉണ്ടാക്കിയത്. ഈ എസ്‌യുവി- എംപിവി നിരയില്‍ നിന്നു മാത്രം 61,726 മാരുതി സുസുക്കി വാഹനങ്ങള്‍ നിരത്തിലെത്തി. മാരുതി സുസുക്കിയുടെ പ്രിയ സെഗ്മെന്റായ ചെറുകാര്‍-ഹാച്ച്ബാക്ക് വിഭാഗവും മികച്ച പ്രകടനം നടത്തി. ആള്‍ട്ടോ, എസ്-പ്രസോ, ബലേനോ, സെലേറിയോ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ എന്നിവയടങ്ങുന്ന ചെറുകാര്‍ വിഭാഗത്തില്‍ 75,231 യൂണിറ്റുകളുടെ വില്‍പനയാണ് ജൂണിലുണ്ടായത്. രണ്ടാം സ്ഥാനത്തിനായി ടാറ്റാ മോട്ടോഴ്‌സും മഹീന്ദ്രയും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. 62,076 യൂണിറ്റുകളുടെ വില്‍പനയോടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 67.4 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയാണ് ടാറ്റ നേടിയത്. വെറും 1,683 വാഹനങ്ങളുടെ വ്യത്യാസത്തിലാണ് മഹീന്ദ്ര മൂന്നാം സ്ഥാനത്തേക്കിറങ്ങിയത്. ജൂലൈ ഒന്നു മുതല്‍ ഇവി, പെട്രോള്‍/ഡീസല്‍ മോഡലുകള്‍ക്ക് 1.5 ശതമാനം വരെ വിലകൂടുമെന്ന ടാറ്റ മോട്ടോഴ്‌സിന്റെ പ്രഖ്യാപനവും വില്‍പനയെ സ്വാധീനിച്ചു. ഉത്പാദന പ്രതിസന്ധിയാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോഴ്‌സിന് തിരിച്ചടിയായത്. ജൂണില്‍ 39,635 യൂണിറ്റുകളാണ് ഹ്യുണ്ടേയ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.97 ശതമാനം കുറവാണിത്. ഹ്യുണ്ടേയുടെ വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നിലുണ്ടായ വലിയ തീപിടിത്തമാണ് ഹ്യുണ്ടേയ്ക്ക് തിരിച്ചടിയായത്. ജൂണില്‍ മാത്രം ഏകദേശം 13,900 വാഹനങ്ങളുടെ ഉത്പാദനനഷ്ടമാണ് കമ്പനിക്കുണ്ടായത്. 28,441 വാഹനങ്ങള്‍ വിറ്റഴിച്ചാണ് ഇന്ത്യന്‍ വിപണിയില്‍ ജൂണില്‍ ടൊയോട്ട അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് 7.52 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയും ടൊയോട്ട രേഖപ്പെടുത്തി. ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, ഗ്ലാന്‍സ എന്നീ മോഡലുകളാണ് ടൊയോട്ടക്ക് കരുത്തായത്. ജൂലൈയില്‍ ഹൈലക്‌സിന്റെ 9ാം തലമുറ മോഡല്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ടൊയോട്ട.


Source link

Back to top button