LIFESTYLE

യുവതിക്ക് സമയത്ത് വീട് ഒഴിയാൻ സാധിച്ചില്ല; പക്ഷേ വീട്ടുടമയുടെ ഒറ്റ മെസേജ് കാര്യങ്ങൾ മാറ്റിമറിച്ചു!


സമൂഹമാധ്യമങ്ങൾ തുറന്നാൽ വീട്ടുടമകളെകൊണ്ട് വാടകക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ തീരാപട്ടിക കാണാം. കാലാവധിക്ക് മുമ്പ് വീട് ഒഴിയണമെന്ന് ആവശ്യപ്പെടുന്നതും അനാവശ്യമായി അധിക വാടക ഈടാക്കുന്നതും സെക്യൂരിറ്റി തുക പിടിച്ചുവയ്ക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ എല്ലാ വീട്ടുടമകളും ഒരുപോലെയല്ല. വാടകക്കാരോട് മനുഷ്യത്വപൂർവ്വം പെരുമാറാൻ ശ്രമിക്കുന്നവരുമുണ്ടെന്ന് ഓർമിപ്പിക്കുന്ന ഒരു അനുഭവക്കുറിപ്പാണ് ബെംഗളൂരുവിലെ ഒരു വാടകക്കാരി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.സോഫ്റ്റ്‌വെയർ ഡെവലപ്പറായ കൃതിക കുമാരിയാണ് തന്റെ വീട്ടുടമയെ പ്രശംസിച്ചുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റ് ജൂലൈ മാസം അവസാനത്തോടെ ഒഴിയുമെന്ന് കൃതിക വീട്ടുടമയെ മുൻപ് അറിയിച്ചിരുന്നു. ആ ധാരണയിൽ മുന്നോട്ടു പോയെങ്കിലും അനുയോജ്യമായ മറ്റൊരു വീട് കണ്ടെത്താൻ യുവതി ബുദ്ധിമുട്ടുകൾ നേരിട്ടു. വീടു മാറേണ്ട സമയം അടുത്തതിനാൽ ഒരു ശ്രമം എന്നോണം ഉടമയെ ബന്ധപ്പെടുകയായിരുന്നു. തന്റെ സാഹചര്യം വിവരിച്ച ശേഷം സെപ്റ്റംബർ മാസം വരെ വീട്ടിൽ തുടരാൻ അനുവദിക്കുമോ എന്നും കൃതിക ആരാഞ്ഞു.ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് കൃതിക അനുമതി തേടിയത്. രണ്ടുമാസത്തെ അധിക താമസത്തിന് കൂടുതൽ തുക ഈടാക്കുകയോ അല്ലെങ്കിൽ അനുമതി നിഷേധിക്കുകയോ ചെയ്യുമെന്ന മുൻധാരണയോടെയായിരുന്നു കൃതികയുടെ നീക്കം. എന്നാൽ ‘നിങ്ങൾ പോകരുത്’ എന്ന മറുപടിയാണ് ഉടമ തിരികെ അയച്ചത്. കൃതിക കൂടുതൽ കാലം അപ്പാർട്ട്മെന്റിൽ തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും മെസ്സേജിൽ ഉടമ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായ, മനസ്സുനിറയുന്ന മറുപടി കേട്ടതിന്റെ സന്തോഷത്തിലാണ് കൃതിക മെസ്സേജിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത്രയും സ്വീറ്റായ ഒരു വീട്ടുടമയെ കിട്ടിയ കൃതിക ഭാഗ്യവതിയാണെന്നാണ് പോസ്റ്റിന് ഭൂരിഭാഗം ആളുകളും കമന്റ് രേഖപ്പെടുത്തുന്നത്. ഇങ്ങനെയൊരു ഉടമയെ വീണ്ടും കണ്ടെത്താൻ സാധിക്കില്ലെന്നും അതിനാൽ കൃതിക വീട് ഒഴിയാൻ ശ്രമിക്കാതിരിക്കുന്നതായിരിക്കും നല്ലതെന്നും കമന്റുകൾ ഉണ്ട്. കൃതിക വീട് നന്നായി പരിപാലിക്കുന്ന വാടകക്കാരിയായതിനാലാവണം ഉടമ ഇത്തരത്തിൽ പ്രതികരിച്ചതെന്ന് മറ്റൊരാൾ കുറിക്കുന്നു. അതേസമയം വീടുടമയുടെ ഉദ്ദേശലക്ഷ്യം നേരായ മാർഗ്ഗത്തിലാണോ എന്ന് ചിന്തിക്കണമെന്ന് പറയുന്ന വിഭാഗവുമുണ്ട്. കൂടുതൽ ദിവസങ്ങൾ തങ്ങാൻ അനുവാദം നൽകാനാണെങ്കിൽ പോലും ഏറെ അടുപ്പമുള്ളവരോട് എന്നതുപോലെയുള്ള ഭാഷ ഉപയോഗിച്ചത് ശരിയായില്ല എന്നാണ് ഇവരുടെ പക്ഷം.


Source link

CINEMA

CINEMA

Back to top button