NEWS
പൊലീസ് ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിയെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി ∙ പൊലീസ് ഇൻസ്പെക്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. നിലവിൽ കോതമംഗലം പൊലീസിനാണ് ആയങ്കിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. തലശ്ശേരിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കോതമംഗലത്ത് എത്തിച്ച ആയങ്കിയെ നേരത്തേ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോതമംഗലം പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.കോതമംഗലം മുൻ എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, ഊന്നുകൽ മുൻ എസ്എച്ച്ഒ ബി.എസ്.ആദർശ് എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതാണ് കേസ്. കോതമംഗലം കേസ് അന്വേഷിച്ചിരുന്നത് ഊന്നുകൽ പൊലീസായിരുന്നു. കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് ആയങ്കി ഊന്നുകൽ എസ്എച്ച്ഒയ്ക്കെതിരെ തിരിഞ്ഞത്. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലും കേസെടുത്തു.
Fashion ⏭️


