LIFESTYLE

കുഞ്ഞുങ്ങള്‍ക്ക് കട്ടി ആഹാരം നൽകേണ്ടത് എപ്പോൾ, എങ്ങനെ?


കുട്ടി

കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം നല്‍കുക (ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം Formula milk നല്‍കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

ആറ് മാസം ആകുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. അയണ്‍, സിങ്ക്, കാല്‍സ്യം എന്നിവ വേണ്ടിവരും. അവ മുലപ്പാലില്‍ നിന്നും മതിയായ അളവില്‍ ലഭിക്കുകയില്ല. അതിനായി അധികഭക്ഷണം നല്‍കേണ്ടതായിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാല്‍ കുഞ്ഞ് പുതിയ രുചികളും ഭക്ഷണരൂപങ്ങളും സ്വീകരിക്കാന്‍ തയ്യാറാകും. ഇത് പിന്നീട് നല്ല ഭക്ഷണശീലം രൂപപ്പെടുത്താന്‍ സഹായിക്കും.

കട്ടിയുള്ള ആഹാരം ആദ്യ നാളുകളില്‍ നല്‍കേണ്ടതെങ്ങനെ?

കട്ടി ആഹാരം നല്‍കിത്തുടങ്ങുമ്പോള്‍ ആദ്യ നാളുകളില്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം നല്‍കുക. കുഞ്ഞ് ആക്ടീവായി ഇരിക്കുന്ന സമയത്ത് നല്‍കുന്നതാകും ഉചിതം. മധുരം ചേര്‍ക്കാത്ത ഭക്ഷണമാണ് നല്‍കേണ്ടത്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണപദാര്‍ത്ഥം ആയിരിക്കണം ആദ്യം തുടങ്ങേണ്ടതും (ഉദാഹരണം – കൂരവ്, ആപ്പിള്‍ വേവിച്ച് ഉടച്ചത് പോലെയുള്ളവ).

കട്ടിയുള്ള ആഹാരം നല്‍കേണ്ടതെങ്ങനെ?

കുഞ്ഞിന്റെ തല ഉറയ്ക്കുന്നത് നാല് മാസത്തിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ നേരത്തെ തന്നെ താങ്ങി ഇരുത്തി (Supported sitting position) ശീലിപ്പിക്കുക. ചെറിയ സ്പൂണ്‍ ഉപയോഗിച്ച് വേണം ഭക്ഷണം നല്‍കാന്‍. ആദ്യ നാളുകളില്‍ 2-3 സ്പൂണ്‍ കഴിക്കാന്‍ താല്പര്യം കാണിക്കും. പിന്നീട് ക്രമേണ ഭക്ഷണം നല്‍കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. കുഞ്ഞിനെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്. അത് ‘Food aversion’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാദ്ധ്യതയുണ്ട്. ഒരു കാരണവശാലും ഭക്ഷണം മിക്‌സിയില്‍ അരച്ച് നല്‍കരുത്. കൈവച്ച് നന്നായി ഉടച്ച് തരിയോട് കൂടി നല്‍കുക. പുതിയതായി ഒരു ഭക്ഷണം നല്‍കുമ്പോള്‍ അത് മാത്രം തുടര്‍ച്ചയായി മൂന്നു ദിവസം നല്‍കി (ദിവസവും ഒരു നേരം) അലര്‍ജി, വയറിളക്കം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മറ്റൊരു പുതിയ ഭക്ഷണം നല്‍കുക.നവധാന്യങ്ങള്‍, കോഴിയിറച്ചി, മീന്‍, മാംസം, പശുവിന്‍ പാല്‍ തുടങ്ങിയവ കുഞ്ഞിന് ഒരു വയസ് ആയതിനുശേഷം നല്‍കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹന പ്രശ്‌നങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്.

ആറ് മാസത്തിനു മുമ്പ് കട്ടിയാഹാരം നല്‍കാന്‍ പാടില്ല – വസ്തുത

ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ദഹന വ്യവസ്ഥ (Digestive system) പൂര്‍ണ്ണമായും വികസിച്ചിട്ടില്ല. അതുകൂടാതെ അലര്‍ജി, ആണുബാധ എന്നിവ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതോടൊപ്പം അമ്മയുടെ പാല്‍ കുടിക്കുന്നതും കുറയാന്‍ സാദ്ധ്യതയുണ്ട്. നേരത്തെ കട്ടി ആഹാരം നല്‍കുന്നത് കുഞ്ഞുങ്ങളില്‍ അമിതവണ്ണത്തിന് (Obesity) കാരണമാകുന്നു. ഇതിനേക്കാള്‍ ഉപരി മറ്റൊരു വസ്തുത എന്തെന്നാല്‍ ആറുമാസം വരെ കുഞ്ഞിന് ലഭിക്കേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നും ലഭിക്കുന്നു. ആയതിനാല്‍ ആറുമാസത്തിനു ശേഷം മാത്രമാണ് കട്ടി ആഹാരം കുഞ്ഞുങ്ങള്‍ക്ക് ആവശ്യവും സുരക്ഷിതവും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

· കട്ടി ആഹാരം നല്‍കിത്തുടങ്ങിയാലും മുലപ്പാല്‍ നല്‍കുന്നത് തുടരുക.
· കട്ടിയുള്ള ആഹാരം ഒരിക്കലും മുലപ്പാലിന് പകരം അല്ല എന്ന് മനസ്സിലാക്കുക.
· കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കരുത്.
· കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്.
· ആവശ്യമായ വെള്ളം കൂടി ഭക്ഷണത്തോടൊപ്പം നല്‍കുക.
· ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം കൊടുക്കാതിരിക്കുക.
· ഫോണ്‍, ടിവി മുതലായ ഉപകരണങ്ങള്‍ നല്‍കി കുഞ്ഞിന്റെ ശ്രദ്ധ മാറ്റി ഭക്ഷണം നല്‍കരുത്.
· കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോഴും നല്‍കുമ്പോഴും ശുചിത്വം പാലിക്കുക.

Reshmi Mohan A
Child Developmental Therapist
SUT Hospital, Pattom,TVM
RELATED TOPICS: HEALTH, LIFESTYLE HEALTH, WHEN TO START SOLID FOOD FOR BABIES, BABY FIRST FOOD, SOLID FOOD FOR SIX MONTH BABY, BETTER FOOD


Source link

Back to top button