NEWS
അദാനിക്ക് എതിരായ കൈക്കൂലിക്കേസ്: ക്രിമിനൽ നടപടി ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് യുഎസ് കോടതി

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് എതിരെയുള്ള കൈക്കൂലി കേസിന്മേൽ ക്രിമിനൽ നടപടികൾ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് കോടതി ആവശ്യപ്പെട്ടു. അദാനിയുടെ അഭിഭാഷകർ കഴിഞ്ഞദിവസം യുഎസ് ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗറാഫിസിനോട്, കേസ് തള്ളണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, കേസിന്മേൽ ഉടൻ തീരുമാനമെടുക്കാൻ കോടതി തയാറായില്ല. പകരം, ക്രിമിനൽ നടപടികൾ പിൻവലിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 13 വരെയാണ് മറുപടി നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്.ഇന്ത്യയിലെ വൻകിട സൗരോർജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നൽകിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അന്നുതന്നെ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
Source link


