NEWS

അവധി മാറി, താമസം ആശങ്കയിലായി; പെൺകുട്ടികൾക്കായി വീടൊഴിഞ്ഞുനൽകി നാട്ടുകാർ, നൂറോളം വീട്ടുകാർ ബന്ധുവീടുകളിലേക്ക്..


നീലേശ്വരം  ∙ മുഹറം അവധിയുടെ പേരിൽ സംസ്ഥാന ഐടിഐ കലോത്സവ മത്സരാർഥികളുടെ താമസം ആശങ്കയിലായതോടെ ഇടപെട്ട് നാട്ടുകാർ. നേരത്തേ 25 ആണ്  അവധിയായി നിശ്ചയിച്ചിരുന്നത്. അതനുസരിച്ച് ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് താമസം ഒരുക്കിയത്. മുഹറം അവധി 26ലേക്ക് മാറിയതോടെ സ്‌കൂളിൽ താമസം ഒരുക്കാൻ കഴിയാതെ വന്നു. സ്കൂളിൽ അധ്യയനം മുടങ്ങാത്ത രീതിയിൽ കലോത്സവം ക്രമീകരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് വെല്ലുവിളിയായത്. എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് കുട്ടികൾക്ക് താമസമൊരുക്കാൻ ബങ്കളത്തെ നാട്ടുകാർ തയാറായത്. 450ൽ അധികം പെൺകുട്ടികൾക്ക് താമസിക്കാനായി പ്രദേശത്തെ നൂറോളം വീടുകളാണ് വിട്ടുനൽകിയത്. വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. ആൺകുട്ടികൾ‍ക്ക് കയ്യൂർ ഗവ. ഐടിഐയിലും എരിക്കുളം ഗവ. ഐടിഐയിലും താമസം ഒരുക്കിയതായി സംഘാടകസമിതി വർക്കിങ് ചെയർമാൻ വി.പ്രകാശൻ പറഞ്ഞു.


Source link

Back to top button