NEWS
സൈക്കിൾ ചവിട്ടുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് പെൺകുട്ടിയുടെ മരണം: ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കൊച്ചി ∙ കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചത്, തൃക്കാക്കര മുനിസിപ്പാലിറ്റി ജീവനക്കാരുടെ അനാസ്ഥ കാരണം സംഭവിച്ച അപകടമാണെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ആർഡിഒ അല്ലെങ്കിൽ സബ് കലക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണമെന്ന് എറണാകുളം ജില്ലാ കലക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. ജില്ലാ കലക്ടർ തിരഞ്ഞെടുക്കുന്ന അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസും പിഡബ്ല്യുഡി എൻജിനീയറും സ്ഥല പരിശോധനയിൽ പങ്കെടുക്കണം. പൊതുവഴിക്ക് സംരക്ഷണ ഭിത്തി നിർമിക്കാത്തതു കാരണമാണ് അപകടം സംഭവിച്ച് ബാലിക മരിക്കാനിടയായത് എന്ന ആരോപണത്തിന്റെ നിജസ്ഥിതി ഉദ്യോഗസ്ഥ സംഘം പരിശോധിക്കണം. സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിൽ 30 അടി താഴ്ചയിലേക്ക് കുട്ടി പതിക്കുന്നത് ഒഴിവാക്കാമായിരുന്നോ എന്നും പരിശോധിക്കണം. മണ്ണിട്ട് ഉയർത്തിയ പാർക്ക് റോഡും അപകടം നടന്ന താഴ്ന്ന ഭാഗവും തമ്മിലുള്ള പൊക്കത്തിന്റെ അളവ് എത്രയാണെന്ന് കണ്ടെത്തണം. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങളും ഹാജരാക്കണം. അപകടത്തിന് ശേഷം മുനിസിപ്പാലിറ്റി സ്വീകരിച്ച സംരക്ഷണ നടപടികളും അറിയിക്കണം.
Source link


