TRAVEL
കോട്ടയുടെ സുരക്ഷയ്ക്കായി നരബലി; ഒരു പുരുഷനെയും സ്ത്രീയെയും കവാടത്തിൻ്റെ അടിത്തറയിൽ ജീവനോടെ അടക്കി

ലോണാവാലയിലെ പ്രകൃതിഭംഗിക്ക് നടുവിൽ, സഹ്യാദ്രിയുടെ നെറുകയിൽ തലയുയർത്തി നിൽക്കുന്നൊരു കോട്ടയുണ്ട്; ലോഹഗഡ്. (Lohagad Fort, Lonavala) എന്നാൽ, ഈ അടുത്തകാലത്തായി ഒരു സഞ്ചാരിയുടെ അപ്രതീക്ഷിത മരണം ഈ ചരിത്രഭൂമിയെ വീണ്ടും വാർത്തകളിൽ നിറച്ചിരിക്കുകയാണ്. അപകടമരണമെന്ന് കരുതിയ സംഭവം പിന്നീട് മറ്റ് ചില അന്വേഷണവഴികളിലേക്ക് നീങ്ങിയതോടെ, ലോഹഗഡിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾക്ക് വീണ്ടും ജീവൻ വച്ചിരിക്കുന്നു.യഥാർത്ഥത്തിൽ സംഭവത്തിന് കോട്ടയെക്കുറിച്ചുള്ള അമാനുഷിക കഥകളുമായി യാതൊരു ബന്ധവുമില്ല. എങ്കിലും, മഹാരാഷ്ട്രയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ കോട്ടകളിലൊന്നായ ലോഹഗഡിൻ്റെ കാണാപ്പുറങ്ങളിലേക്ക് ഇത് വീണ്ടും ജനശ്രദ്ധ തിരിച്ചുവിട്ടു.മൺസൂൺ കാലത്തെ മനോഹരമായ കാഴ്ചകളും, ട്രെക്കിങ് പാതകളും, മറാഠാ സാമ്രാജ്യത്തിൻ്റെ വീര്യവും മാത്രമല്ല ലോഹഗഡ്; നൂറ്റാണ്ടുകളായി നാട്ടുകാരും ഗൈഡുകളും സഞ്ചാരികളും കൈമാറിവരുന്ന ചില ഭീതിപ്പെടുത്തുന്ന കഥകൾ കൂടിയാണ്.സഹ്യാദ്രിയുടെ കാവലാൾ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇരുമ്പുകോട്ടയാണ് ‘ലോഹഗഡ്’. പുണെയിലെ ലോണാവാലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയ്ക്ക് ഏതാണ്ട് 2000 വർഷത്തെ പഴക്കമുണ്ട്. ശതവാഹന രാജവംശത്തിൻ്റെ കാലത്താണ് ഇതിൻ്റെ അടിത്തറ നിർമിക്കപ്പെടുന്നത്. പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇതൊരു ശക്തമായ സൈനിക താവളമായി മാറി. പടിഞ്ഞാറൻ ചുരങ്ങളിലൂടെയുള്ള പ്രധാന വ്യാപാര പാതകളെ നിരീക്ഷിക്കാൻ പാകത്തിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം നിസാംഷാഹി, ബീജാപ്പൂർ സുൽത്താനേറ്റ്, മുഗളന്മാർ തുടങ്ങി പല ഭരണാധികാരികളും ഈ കോട്ടയ്ക്കായി പോരടിച്ചിട്ടുണ്ട്.ഛത്രപതി ശിവജി മഹാരാജിൻ്റെ ഭരണകാലത്താണ് ലോഹഗഡ് അതിൻ്റെ പ്രതാപത്തിൻ്റെ കൊടുമുടിയിലെത്തുന്നത്. മറാഠികളുടെ പ്രധാന സൈനിക താവളവും ഖജനാവുമായി ഈ കോട്ട വർത്തിച്ചു. പിന്നീട് ബ്രിട്ടീഷുകാരുടെ കൈകളിലേക്ക് എത്തിയതോടെ ഇതിൻ്റെ സൈനിക പ്രാധാന്യം കുറഞ്ഞെങ്കിലും, ഇന്നും ഗാംഭീര്യം ചോരാതെ നിൽക്കുന്ന കവാടങ്ങളും, പുരാതന ജലാശയങ്ങളും, തേളിന്റെ വാലുപോലെ നീണ്ടുനിൽക്കുന്ന ‘വിഞ്ചു കാറ്റാ’ എന്ന പാറക്കെട്ടും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നു.ഗണേഷ് ദർവാസയിലെ ചോരയുടെ കഥ ലോഹഗഡിലെ നാല് പ്രധാന കവാടങ്ങളിൽ ആദ്യത്തേതാണ് ‘ഗണേഷ് ദർവാസ’. ഈ കവാടത്തെക്കുറിച്ച് തലമുറകളായി കൈമാറിവരുന്ന ഒരു കഥയുണ്ട്. കോട്ടയുടെ നിർമ്മാണ സമയത്ത് ഈ കവാടത്തിൻ്റെ അടിത്തറയ്ക്ക് എന്തോ ശാപമുണ്ടെന്നും അത് ഉറച്ചുനിൽക്കില്ലെന്നും അന്നത്തെ ഭരണാധികാരിക്ക് സ്വപ്നദർശനമുണ്ടായത്രെ. കോട്ടയുടെ സുരക്ഷയ്ക്കായി ഒരു മനുഷ്യബലി വേണമെന്നായിരുന്നു പരിഹാരം. ഇതിനായി ഒരു പുരുഷനെയും സ്ത്രീയെയും ഈ കവാടത്തിൻ്റെ അടിത്തറയിൽ ജീവനോടെ അടക്കം ചെയ്തു എന്നാണ് നാട്ടിൽ പ്രചരിക്കുന്ന കഥ.
Source link


