BUSINESS

കൃഷി മറന്ന കേരളം; മലയാളി സ്വന്തം പാത്രത്തിലോ മണ്ണ് വാരിയിട്ടത്, വിലക്കയറ്റം വിളിച്ചുവരുത്തിയ വിപത്ത്


Kerala Agriculture : ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം ആണ്. ഈ അവസ്ഥ ഒരു രാത്രികൊണ്ട് പെട്ടെന്ന് ഉണ്ടായതല്ല. മലയാളികളുടെ കൈയ്യിലിരിപ്പിന്റേത് ആണെന്ന് ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നു. ഇന്ന് രാജ്യത്ത് വിലക്കയറ്റ ഭീഷണി നേരിടുന്ന പ്രധാന വിപണി കേരളത്തിന്റേതാണ്. ഒരു കാലത്ത് സ്വയംപര്യാപ്തതയിലേക്ക് നീങ്ങിയിരുന്ന ഒരു സംസ്ഥാനം ഇന്ന് ഭക്ഷ്യസാധനങ്ങള്‍ക്കായി പൂര്‍ണ്ണമായും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കൃഷി ചെയ്യാന്‍ മറന്ന കേരളം സ്വന്തം പാത്രത്തില്‍ മണ്ണുവാരിയിട്ടത് എങ്ങനെയെന്ന് നോക്കാം. കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ കാരണങ്ങള്‍ഭൂവിനിയോഗത്തിലെ ചില മാറ്റങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. ജനസംഖ്യ കൂടിയതോടെ വീടുകള്‍ക്കും, വാണിജ്യ ആവശ്യങ്ങള്‍ക്കുമായി കൃഷിഭൂമികള്‍ വ്യാപകമായി മാറ്റപ്പെട്ടു. കൃഷിഭൂമിയെ ഒരു ഉല്‍പ്പാദന മാര്‍ഗ്ഗമായി കാണുന്നതിന് പകരം ലാഭകരമായ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവട ആളുകള്‍ കാണാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ കഷ്ടകാലം തുടങ്ങി. ഭൂമിയില്‍ നിന്ന് ആരോഗ്യം നോക്കുന്നതിന് പകരും, പണം നോക്കാന്‍ മലയാളികള്‍ തുടങ്ങി. 1970 കള്‍ വരെ കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഭക്ഷ്യവിളകളായ നെല്ല്, മരച്ചീനി എന്നിവയൊക്കെ ആയിരിക്കുന്നു. എന്നാല്‍ പീന്നീട് ഇത് നാണ്യവിളകളിലേയ്ക്ക് മാറി. ഇതോടെ മലയാളിയുടെ പോക്കറ്റ് നിറഞ്ഞു. പക്ഷെ കൈവിട്ട ഈ ഭക്ഷ്യവിളകള്‍ ഭാവിയില്‍ പോക്കറ്റ് ചോര്‍ത്തുമെന്ന് ചിന്തിച്ചില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കാര്‍ഷിക വേതനമുള്ള സംസ്ഥാനമാണ് കേരളം. ഇത് ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി കൂട്ടി. പുതിയ തലമുറ വൈറ്റ് കോളര്‍ ജോലികളെ പ്രണയിച്ചു. ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമായി. 1970-കളിലെ ഗള്‍ഫ് ബൂം, തുടര്‍ന്ന് വിദേശത്തുനിന്ന് പണം വരാന്‍ തുടങ്ങിയതോടെ കുടുംബങ്ങള്‍ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നത് നിര്‍ത്തി.അടുത്ത കാലത്തായി ഉണ്ടാകുന്ന തുടര്‍ച്ചയായ പ്രളയങ്ങള്‍, കനത്ത മഴ, കാലാവസ്ഥാ വ്യതിയാനം എന്നിവ മണ്ണിലെ ജൈവഘടകങ്ങളെ നശിപ്പിച്ചതും ഒരു ഘടകമകണ്. മലയോര മേഖലകളില്‍ കാട്ടുപന്നി, ആന, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യവും കൃഷി ഉപേക്ഷിക്കാന്‍ പലര്‍ക്കും കാരണങ്ങളായി. ഭൂനിയമങ്ങള്‍ക്ക് ശേഷം കേരളത്തിലെ കൃഷിഭൂമികള്‍ ചെറിയ കഷ്ണങ്ങളായി മാറി. വലിയ തോതില്‍ യന്ത്രവത്കരണം നടത്താന്‍ ഇത്തരം ചെറിയ ഭൂമികളില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതും കൃഷി ചെയ്യാന്‍ നിരുത്സഹപ്പെടുത്തി. കണക്കുകള്‍ അറിയാം 1956- 60 കാലഘട്ടത്തില്‍ കേരളത്തിലെ ആകെ കൃഷിഭൂമിയുടെ 33%-ലധികം (ഏകദേശം 8.8 ലക്ഷം ഹെക്ടര്‍) നെല്‍ക്കൃഷിയായിരുന്നു. എന്നാല്‍ ഇന്നത് വെറും 2 ലക്ഷം ഹെക്ടറില്‍ താഴെയാണ്. അതായത് ഏകദേശം 75%-ലധികം നെല്‍പ്പാടങ്ങള്‍ നഷ്ടപ്പെട്ടു. 1972-73 കാലഘട്ടത്തില്‍ കേരളം അരി ആവശ്യകതയുടെ 50% സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ആവശ്യകതയുടെ 10- 12ം മാത്രമാണ് സ്വയം ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 90 ശതമാനത്തോളം ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിന്റെ ആകെ വരുമാനത്തിന്റെ (GSDP) പകുതിയോളം കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയുടെ പങ്ക് വെറും 9 ശതമാനത്തില്‍ താഴെയാണ്.കൃഷി വിട്ടതുകൊണ്ടുള്ള നഷ്ടങ്ങള്‍കേരളം ഇന്ന് ഒരു ‘ഉപഭോക്തൃ സംസ്ഥാനം’ ആണ്. അയല്‍ സംസ്ഥാനങ്ങളിലെ സമരങ്ങള്‍, കാലാവസ്ഥ വ്യതിയാനം എന്നിവ ബാധിക്കുന്നത് കേരളത്തെയാണ്. ഇന്ധനവില വര്‍ധിച്ചാല്‍ പോലും പട്ടിണിയാകുന്നത് കേരളമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളിലും, ഭക്ഷ്യധാന്യങ്ങളിലും അടങ്ങിയിരിക്കുന്ന അമിതമായ കീടനാശിനികള്‍ മലയാളികളുടെ ആരോഗ്യമാണ് ക്ഷയിപ്പിക്കുന്നത്. പച്ചക്കറി, അരി, പാല്‍, മുട്ട എന്നിവ വാങ്ങാനായി മാത്രം കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ഏകദേശം 20,000 മുതല്‍ 25,000 കോടിയിലധികം രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതെന്ന് വിവധ കണക്കുകള്‍ വ്യക്തമാക്കുന്നു. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയതോടെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നത് മൂലം കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം പോലും രൂക്ഷമാണ്. ഗ്രാമങ്ങളില്‍ പ്രാദേശികമായി ലഭിച്ചിരുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ കൃഷി കുറഞ്ഞതോടെ ഇല്ലാതായി. ഇത് പ്രത്യക്ഷ, പരോക്ഷ തൊഴിലുകള്‍ ഉള്‍പ്പെടുന്നു. കര്‍ഷകര്‍ കടക്കെണിയിലാവുകയും കാര്‍ഷിക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ 1960-കളിലും 70-കളിലും നടന്ന ഒന്നാം ഭൂപരിഷ്‌കരണം പാവപ്പെട്ടവര്‍ക്ക് മണ്ണില്‍ അവകാശം നല്‍കിയെങ്കില്‍, രണ്ടാം ഭൂപരിഷ്‌കരണം ലക്ഷ്യമിടുന്നത് കാലഹരണപ്പെട്ട നിയമങ്ങളിലെ പൊളിച്ചെഴുത്താണ്. ഇതുവഴി ഭൂമിയുടെ ശരിയായ വിനിയോഗവും, വികസനവും സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നു. രണ്ടാം ഭൂപരിഷ്‌കരണം മൂലം കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍; ഹൈലാന്‍ഡ് മേഖലകളിലെ മള്‍ട്ടി-ക്രോപ്പിംഗ് (Multi-Cropping) ലാന്‍ഡ് ബാങ്കും തരിശുഭൂമി വിനിയോഗവും കാര്‍ഡമം പട്ടയ ഭൂമിയിലെ നിയന്ത്രണങ്ങള്‍ നീക്കല്‍ ഡിജിറ്റല്‍ സര്‍വേയും വ്യക്തമായ അതിരുകളും കാര്‍ഷിക സബ്സിഡികളും താങ്ങുവിലയുംഇവയ്‌ക്കെല്ലാം പുറമേ പുതുതലമുറ കൃഷിയിലേയ്ക്ക് മടങ്ങിവരുന്നതും കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പുതിയ കാര്‍ഷിക രീതികള്‍, സാങ്കേതികവിദ്യ, അഗ്രി സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹചനം, ഫാം ടൂറിസം, ജൈവ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ്, കോര്‍പ്പറേറ്റ് ജോലികളിലെ സമ്മര്‍ദം എന്നിവയെല്ലാം യുവത്വത്തെ ആകര്‍ഷിക്കുന്നു.


Source link

Back to top button