NEWS
മുൻ സർക്കാരിന്റെ ധന മാനേജ്മെന്റിൽ പാളിച്ച; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത: സിഎജി റിപ്പോർട്ട് സഭയിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ. തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി രൂപയാണെന്നാണ് റിപ്പോർട്ടിലുള്ളത്. മുൻ സർക്കാരിന്റെ ധന മാനേജ്മെന്റിൽ പാളിച്ചയുണ്ടെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ട്. ഓഫ് ബജറ്റ് കടമെടുപ്പും വലിയ ബാധ്യതയാണെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി. ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടി. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവ് 8.97 ശതമാനം കൂടുതലാണ്. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
Source link


