പരസ്യം കേരളത്തില്‍, ചികിത്സ തമിഴ്‌നാട്ടില്‍; വഞ്ചിക്കപ്പെടുന്നത് മലയാളികള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യബോര്‍ഡ് സ്ഥാപിച്ച് തമിഴ്‌നാട്ടില്‍ നട്ടെല്ല് സംബന്ധിക്കുന്ന രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നയാള്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ചാക്കയിലാണ് ഗുരുപാദം ക്ലിനിക്ക്, കരിങ്കല്‍, തമിഴ്‌നാട് എന്ന വിലാസത്തില്‍ സ്‌പൈന്‍ സ്‌പെഷലിസ്റ്റ് പരസ്യം സ്ഥാപിച്ചത്. ചികിത്സ നടത്തുന്നയാള്‍ക്ക് കേരളം, തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലുകളില്‍ രജിസ്‌ട്രേഷനില്ലെന്ന് കേരള മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. എന്നാല്‍ കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എത്തിക്‌സിന് വിരുദ്ധമായ പ്രവൃത്തിക്കെതിരെയും സംസ്ഥാനത്ത് നടക്കുന്ന വ്യാജ ചികിത്സക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ മാത്രമാണ് കേരള മെഡിക്കല്‍ കൗണ്‍സിലിന് അധികാരമുള്ളതെന്ന് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചിരുന്നു.
പരാതിയില്‍ പറയുന്ന സ്ഥാപനം തമിഴ്‌നാട്ടിലായതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.കേരളത്തില്‍ ഇത്തരം പരസ്യബോര്‍ഡ് സ്ഥാപിച്ച് തമിഴ്‌നാട്ടില്‍ ചികിത്സ നടത്തിയാല്‍ മലയാളികള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ പരാതി നല്‍കണമെന്നും കമ്മീഷന്‍ മെഡിക്കല്‍ കൗണ്‍സിലിന് 2021 ഡിസംബര്‍ 18 ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.പേരിന് മുമ്പ് ഡോക്ടര്‍ എന്ന് ചേര്‍ത്ത് ഇദ്ദേഹം പരസ്യം നല്‍കാറുണ്ട്. എന്നാല്‍ 2021 ലെ ഉത്തരവ് മെഡിക്കല്‍ കൗണ്‍സില്‍ നടപ്പാക്കിയില്ല.
തുടര്‍ന്ന് കമ്മീഷന്‍ രജിസ്ട്രാര്‍ക്ക് നോട്ടിസയച്ചു. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആക്ടിലെ സെക്ഷന്‍ 42 പ്രകാരം ചികിത്സകനെതിരെ ക്രിമിനല്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായി കൗണ്‍സില്‍ രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. 2021 ലെ ഉത്തരവ് നടപ്പിലാക്കാന്‍ 5 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് ആശ്ചര്യകരമാണെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകനായ കെ. ശ്രീകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Source link
NEWS


