നാലാം വയസിൽ മോഡലിംഗ് രംഗത്തേക്ക്; ഇന്ന് ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്‌സ്, നൃത്തത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി അൽ ഹംദ

കലാപരമായി കഴിവുള്ള ധാരാളംപേർ നമുക്ക് ചുറ്റുമുണ്ട്, സംഗീതം, നൃത്തം, അഭിനയം തുടങ്ങി ഓരോ മേഖലയിലും മുന്നിട്ടുനിൽക്കുന്ന കലാകാരന്മാരെ സമൂഹം ഏറെ ബഹുമാനത്തോടെയും ഇഷ്‌ടത്തോടെയുമാണ് കാണുന്നത്. ചിലർ ഇഷ്‌ടം കൊണ്ട് കാലക്രമേണ കലയിലേക്കെത്തുന്നതാണ്. എന്നാൽ, മറ്റുചിലർക്കാകട്ടെ ജന്മനാ കലാവാസനയുണ്ടാകും. അത്തരത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കലാവാസന പ്രകടിപ്പിച്ചിരുന്ന കുഞ്ഞ് മിടുക്കിയാണ് അൽ ഹംദ. ഇന്ന് ആറാം വയസിൽ ‘ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്‌സൽ ഓഫ് ഇന്ത്യ’ എന്ന വലിയ അംഗീകാരം നേടിയിരിക്കുന്ന ഈ മിടുക്കിയെ പരിചയപ്പെടാം.
അൽ ഹംദ
വെഞ്ഞാറമൂട് മൈലക്കൽ സ്വദേശിയും മുംബയിൽ ബിസിനസുകാരനുമായ അജിയുടെയും റജീന ബീവിയുടെയും ഇളയ മകളാണ് അൽ ഹംദ. ആറ്റിങ്ങൽ വാളക്കാട് ക്രൈസ്റ്റ് നഗർ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുകയാണ്. നടക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ പാട്ട് കേൾക്കുമ്പോൾ കുഞ്ഞ് അൽ ഹംദ നൃത്തച്ചുവടുകൾ വച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കളാണ് മകളെ നൃത്തം പഠിപ്പിക്കാൻ തീരുമാനിച്ചത്.
ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഡാൻസിനോടായിരുന്നു അൽ ഹംദയ്‌ക്ക് ഏറെ താൽപ്പര്യം. മാതാവും മൂത്ത സഹോദരന്മാരായ അഹമ്മദും അലിഫുമാണ് കുട്ടിക്ക് പൂർണപിന്തുണയുമായി ഒപ്പമുള്ളത്. ബിസിനസ് തിരക്കാണെങ്കിലും കിട്ടുന്ന ചുരുങ്ങിയ സമയത്തുപോലും പിതാവും മകൾക്കൊപ്പം പ്രോത്സാഹനവുമായി എത്താറുണ്ട്.
നാലാം വയസിൽ അൽ ഹംദയ്‌ക്ക് മോഡലിംഗ് രംഗത്തേക്ക് അവസരം ലഭിച്ചു. ഒരു വേദിയിലെ നൃത്തം കണ്ടാണ് മോഡലിംഗ് കമ്പനി കുട്ടിയെ തിരഞ്ഞെടുത്തത്. പിന്നീട് ഈ ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി സമ്മാനങ്ങളാണ് നൃത്തത്തിലും മോഡലിംഗിലുമായി അൽ ഹംദ വാരിക്കൂട്ടിയത്.
കൊച്ചുമിടുക്കിയുടെ നേട്ടങ്ങൾ
ഹരിദ്വാറിൽ വച്ച് നടന്ന ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്‌സൽ ഓഫ് ഇന്ത്യ 2026 മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അൽ ഹംദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2026ൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്റ്റൈൽ ഐക്കൺ ഓഫ് കേരളയിലും അൽ ഹംദ വിജയിയായി. കൊല്ലത്ത് നടന്ന വോഗ് മിനീസ് 2026, ചെന്നൈയിൽ ഐക്യൂ ഇന്റർനാഷണൽ അക്കാഡമിക് അവതരിപ്പിച്ച നൃത്തമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിലും അൽ ഹംദ ഒന്നാം സ്ഥാനം നേടി. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയ താരം ജൂനിയർ വിഭാഗത്തിലെ മികച്ച പ്രകടനത്തിന് എസ്‌ഡിഎൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അവാർഡിനും അർഹയായിട്ടുണ്ട്.
ഗുരുക്കന്മാർ
മോഡൽ കോച്ചായ അൻഷാദ് അസീസ്, ഗ്രൂമറും കൊറിയോഗ്രാഫറുമായ തൻവിൻ താജ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽ ഹംദ മോഡലിംഗ് രംഗത്തെ നേട്ടങ്ങൾ സ്വന്തമാക്കിയത്. ഡാൻസ് മാസ്റ്റർമാരായ അഖിൽ, അഭിജിത്, ദേവു എന്നിവരാണ് നൃത്തവേദികളിലെ വിജയങ്ങൾക്ക് പിന്നിൽ.
ഭാവിയിൽ വലിയൊരു നർത്തകിയാകാനാണ് എന്നതാണ് അൽ ഹംദയുടെ ആഗ്രഹം. മോഡലിംഗ് രംഗത്തും ശോഭിക്കണമെന്നുണ്ട്. ഇപ്പോൾ കിട്ടിയ അംഗീകാരങ്ങളിൽ വളരെ സന്തോഷവതിയാണ് അൽ ഹംദ. വരാൻ പോകുന്ന ഒരു പരിപാടിയിൽ പഠിക്കുന്ന സ്‌കൂളിൽ തന്നെ പ്രത്യേക അതിഥിയായി ക്ഷണിച്ചിരിക്കുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ഈ കൊച്ചുമിടുക്കി.
Source link
NEWS


