SPORTS
സമ്മർദഘട്ടങ്ങളിൽ തൂക്കിയടി ഉറപ്പ്, ശ്രീലങ്കയ്ക്കെതിരെ കുറച്ച് വ്യക്തിപരം; വലിയ വേദികളിൽ വലിയ ഇന്നിങ്സ് കളിക്കുന്ന വൈഭവം

ഇന്ത്യയുടെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി ഗ്രൗണ്ടിൽ രോഷം പ്രകടിപ്പിക്കുന്നത് അപൂർവ സംഭവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കിടെ ഉദ്ദേശിച്ചപോലെ ബാറ്റു ചെയ്യാൻ സാധിക്കാതിരിക്കുമ്പോൾ ഒന്നിലേറെ തവണ ഗ്രൗണ്ടിൽനിന്ന് കരഞ്ഞുകൊണ്ടു മടങ്ങിപ്പോയതൊഴിച്ചാൽ താരത്തിന്റെ വൈകാരിക പ്രകടനങ്ങൾ അപൂർവമാണ്. എന്നാൽ ശ്രീലങ്കയിൽ നടന്ന ഇന്ത്യ എയുടെ ത്രിരാഷ്ട്ര പരമ്പര കഥ മാറ്റി. ശ്രീലങ്കയോടേറ്റ സൂപ്പര്‍ ഓവർ തോൽവിക്കു പിന്നാലെ ലങ്കൻ താരങ്ങളോടു തർക്കിക്കുയും പിടിച്ചുതള്ളുകയും ചെയ്ത വൈഭവിന്, അതിനു ശേഷം നടന്ന ഫൈനൽ കുറച്ച് ‘വ്യക്തിപരം’ ആയിരുന്നു. ലങ്കൻ താരങ്ങളെ വീണ്ടും കൈപ്പാങ്ങകലത്തിൽ കിട്ടിയപ്പോൾ 29 പന്തുകളില്‍ വൈഭവിന്റെ ബാറ്റിൽനിന്ന് പിറന്നത് 94 റൺസ്. ബൗണ്ടറി കടന്നത് എട്ട് സിക്സുകളും 10 ഫോറുകളും. 11 പന്തുകളിൽനിന്ന് അർധ സെഞ്ചറി പിന്നിട്ട വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡിലുമെത്തി. മത്സരത്തിൽ 66 റൺസ് വിജയവുമായി ഇന്ത്യ കിരീടമുയർത്തി.ശ്രീലങ്കൻ പര്യടനത്തിൽ ഫൈനലിനു മുൻപ് നാല് ഇന്നിങ്സുകളിൽനിന്ന് 117 റൺസായിരുന്നു വൈഭവ് നേടിയത്. മോശമല്ലാത്ത സ്കോർ ആണെങ്കിലും, വൈഭവിന്റെ ശൈലിയിലുള്ള ബാറ്റിങ്ങിനൊത്ത സ്കോർ ആയിരുന്നില്ല ഇത്. അപ്പോഴാണ് ഫൈനലിലെ 29 പന്തിൽ 94 റൺസ് വരുന്നത്. അതായത് പരമ്പരയിൽ ആകെ സ്കോർ ചെയ്ത റൺസിന്റെ 44.5 ശതമാനവും വന്നത് ഫൈനലിൽനിന്നാണ്. ആദ്യ നാല് ഇന്നിങ്സുകളിൽ മൂന്ന് സിക്സുകൾ മാത്രം അടിച്ച വൈഭവ്, ഫൈനലിൽ മാത്രം ബൗണ്ടറി കടത്തിയത് എട്ട് സിക്സുകൾ. ഫൈനലിൽ ആദ്യ എട്ടോവറിൽ ഇന്ത്യ 132 റൺസിൽ എത്താൻ കാരണം വൈഭവ് മാത്രമാണ്. വൈഭവ് പുറത്തായ ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. പക്ഷേ 378 റൺസെന്ന സുരക്ഷിതമായ വിജയലക്ഷ്യം ശ്രീലങ്കയ്ക്കു മുന്നിലേക്കു വയ്ക്കാൻ ഇന്ത്യയ്ക്കു അടിസ്ഥാനമിട്ടത് കൗമാരതാരത്തിന്റെ ഇന്നിങ്സായിരുന്നു. വൈഭവിന്റെ ഇപ്പോഴത്തെ ബാറ്റിങ് രീതി പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സമ്മർദം സുരക്ഷിത നിലയിലേക്കു പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നില്ല. സമ്മര്‍ദം കൂടുതല്‍ വമ്പനടികൾക്കാണ് വൈഭവിനെ പ്രചോദിപ്പിക്കുന്നത്.ഒരു തെറ്റായ ഷോട്ട് സംഭവിച്ചാൽ കളിയുടെ ഗതി തന്നെ മാറാവുന്ന നോക്കൗട്ടുകളിലോ, ഫൈനലുകളിലോ ആണ് വൈഭവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തുവന്നിട്ടുള്ളതെന്നു വ്യക്തം. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് വൈഭവ്. അയർലൻഡിനെതിരായ പരമ്പരയിലോ, ഏഷ്യൻ ഗെയിംസിലോ അതു സംഭവിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വലിയ വേദികളും വലിയ താരങ്ങളും എതിരെ നിൽക്കുമ്പോൾ, വൈഭവ് ശൈലിയിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുമോ? സമ്മർദങ്ങളെ അസാധാരണ ആത്മവിശ്വാസത്തോടെ അതിജീവിക്കുന്ന ശൈലി, സീനിയർ ടീമിലും താരം തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം.
Source link


