NEWS
കുറേ പതിര് കറക്കേണ്ടി വരും, ‘മല്ലിക ചേച്ചി ലൂസ് ടോക്കര്‍’ എന്ന് കുക്കു പറഞ്ഞത് എന്തിന്: മല്ലിക സുകുമാരൻ പറയുന്നു

താരസംഘടനയായ ‘അമ്മ’യിൽ ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ കനത്ത പൊട്ടിത്തെറിയിലും ഭരണസമിതിയുടെ കൂട്ടരാജിയിലും പ്രതികരണവുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. വാർഷിക കണക്കുകൾ പാസാക്കാൻ കഴിയാത്തതിന്റെ കുറ്റബോധം കൊണ്ടാണ് ശ്വേതാ മേനോൻ രാജിവെച്ചതെന്നും, എന്നാൽ ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റ് ഭാരവാഹികളായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. സംഘടനയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സിനിമാ രംഗത്തെ മുതിർന്ന നടന്മാർ മൗനം വെടിഞ്ഞ് അടിയന്തരമായി ഇടപെടണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ ആവശ്യപ്പെട്ടു. ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വം കൂടി രാജി വെച്ചെന്ന വാർത്തയോട് അദ്ഭുതത്തോടെയാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്.‘‘ശ്വേത മേനോന് അംഗത്വം രാജി വച്ചെന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കുറേ പതിര് കറക്കേണ്ടി വരും. വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്. അതിന്റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങള്‍ വന്നപ്പോള്‍, താന്‍ ചെയ്യാത്ത തെറ്റിന് കൂടി കേള്‍ക്കേണ്ടി വരുന്നല്ലോ എന്ന വിഷമം ശ്വേതയ്ക്കുണ്ടായി. ഞങ്ങള്‍ക്ക് തെറ്റ് പറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ് ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല, പകരം ശ്വേത ചെയ്തു. ‘‘ഭരണ സമിതിയ്ക്ക് ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തോട്ട് തിരിഞ്ഞ് നോക്കാത്ത എന്നിൽ നിന്നുമാണ് അത് തുടങ്ങുന്നത്. ‘മല്ലിക ചേച്ചി ലൂസ് ടോക്കര്‍’ എന്ന് കുക്കു പരമേശ്വരന് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കുക്കു അത് പറഞ്ഞത്? കാര്യങ്ങൾ കാണാതെയും കേള്‍ക്കാതെയും അഭിപ്രായങ്ങള്‍ പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതാക്കുകയാണ്. അവർ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല, തുള്ളാനുള്ള പ്രായമൊക്കെ എനിക്ക് കഴിഞ്ഞു. സംഘടനയുടെ നിലനിൽപ്പിനായി മുതിർന്ന താരങ്ങൾ മുന്നോട്ടുവരണം.
Source link


