NEWS
ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിനു സ്റ്റേ; ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ

കൊച്ചി ∙ ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഡോ റീനയെ മാറ്റിയ നടപടിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ സർക്കാർ പറഞ്ഞു. ഡോ. റീനയുടെ ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും എക്സ്റ്റൻഷൻ ഇല്ലാതെയാണ് അവർ പദവിയിൽ തുടർന്നതെന്നും ഈ സാഹചര്യത്തിലാണ് പുതിയ നിയമനമെന്നുമാണ് അപ്പീലിൽ പറയുന്നത്. ഡോ. റീനയെ ഡിഎച്ച്എസ് സ്ഥാനത്തുനിന്നും മാറ്റി എറണാകുളം റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ചുമതലയിലേക്ക് നിയമിച്ച സർക്കാർ ഉത്തരവ് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പകർച്ചവ്യാധി വ്യാപിക്കുന്ന സമയത്ത് ഡയറക്ടർ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ആദ്യം സ്ഥലംമാറ്റ ഉത്തരവിറക്കിയത്. എന്നാൽ, താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് ആവശ്യപ്പെട്ടതെന്നും സർക്കാരിന്റെ വാദം തെറ്റാണെന്നും കാണിച്ച് ഡോ. റീന രംഗത്തെത്തിയതോടെ സർക്കാർ ഉത്തരവ് തിരുത്തുകയും ഭരണപരമായ സാധാരണ സ്ഥലംമാറ്റം മാത്രമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു.
Source link


