NEWS
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി; മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

കൊച്ചി ∙ എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി ഹൈക്കോടതി. നിരന്തരം നിര്‍ദേശിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തിൽ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ പറഞ്ഞു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഈ മാസം 20നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് മുൻപ് കേസ് പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വീണ്ടും സമയം നീട്ടി ചോദിക്കുക മാത്രമാണ് സംഭവിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്. കേസ് ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. സമുദായത്തിലെ ദുർബല വിഭാഗങ്ങൾക്ക് 5 ശതമാനം പലിശയ്ക്കു വായ്പ നൽകുന്ന മൈക്രോഫിനാൻസ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നൽകിയ പരാതിയിലുള്ള കേസാണിത്.
Source link


