NEWS
മീനിന് ‘തീ’വില: അയല കിലോയ്ക്ക് 350 രൂപ, മത്തി 340 രൂപ, കിളിമീനിനു 440 രൂപ; സാധാരണക്കാർ മീൻ വാങ്ങുന്നത് കുറഞ്ഞു

കൽപറ്റ ∙ കേരള തീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ മീൻ വിലയിൽ വൻ വർധന. ജനപ്രിയ മത്സ്യ ഇനങ്ങളായ അയലയ്ക്കു 350 രൂപയും മത്തിക്കു 340 രൂപയും കിളിമീനിനു 440 രൂപയുമാണ് കിലോയ്ക്ക് ഇന്നലെ വിലയുണ്ടായിരുന്നത്. വൻ വിലവർധന കാരണം സാധാരണക്കാർ മീൻ വാങ്ങുന്നത് കുറച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്. ഹോട്ടൽ വ്യാപാരികൾ മീൻ വാങ്ങുന്നതു മാത്രമാണ് ആശ്വാസം. ഇതുമൂലം പ്രതീക്ഷിച്ച വരുമാനവും ലഭിക്കുന്നില്ല. നിലവിൽ ചിക്കനു മീനിനേക്കാൾ വില കുറവാണെന്നുള്ളതിനാൽ പലരും മീൻ വാങ്ങാതിരിക്കുകയാണ്. ഇതു തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ശീതീകരിച്ച മത്സ്യങ്ങളാണ് വിപണിയിൽ കൂടുതലായി ഉള്ളതെന്നു നഗരത്തിലെ മൊത്തവ്യാപാരികൾ പറയുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്തയാഴ്ചയോടെ ട്രോളിങ് നിരോധനം ഇല്ലാതാകുന്നതോടെ പച്ചമീന്റെ വരവുകൂട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. അത്തരം മത്സ്യങ്ങളുടെ വരവ് വില വർധനവിനു തടയിടുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.
Source link


