NEWS

വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവിൽ; മുല്ലപ്പെരിയാർ ചർച്ചയാക്കി തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ


രാജകുമാരി ∙ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവിലെത്തിയതോടെ തമിഴ്നാട്ടിലെ 3 ജില്ലകളിലെ കാർഷിക മേഖല പ്രതിസന്ധിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളവും വൈഗ നദിയിലെ വെള്ളവുമാണ് വൈഗ അണക്കെട്ടിലേക്കെത്തുന്നത്. എന്നാൽ ഇത്തവണ കേരളത്തിലും മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരാെഴുക്കും കുറഞ്ഞു. പരമാവധി സംഭരണ ശേഷി 71 അടിയാണെങ്കിലും കഴിഞ്ഞ ദിവസം ഇത് 21 അടി വരെയായി. പല ഭാഗത്തും വെള്ളമില്ലാതെ വിണ്ടു കീറിയ അവസ്ഥയിലാണ്.ഇതോടെ കൃഷി ആവശ്യത്തിന് വെള്ളം കാെണ്ട് പോകുന്നത് നിർത്തി വച്ചു. മധുര, ആണ്ടിപ്പെട്ടി, തേനി ടൗണുകളിലെ ശുദ്ധജല ആവശ്യത്തിന് മാത്രമാണ് ഇപ്പോൾ വൈഗ അണക്കെട്ടിൽ നിന്ന് വെള്ളമെടുക്കുന്നത്. വരും ദിവസങ്ങളിൽ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിച്ച് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നാൽ മാത്രമേ വൈഗ അണക്കെട്ടിലേക്കുള്ള നീരാെഴുക്ക് ശക്തമാകൂ. സാധാരണയായി കാലവർഷം തുടങ്ങുമ്പോൾ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരാെഴുക്ക് വർധിക്കുന്നതിനാൽ വൈഗ അണക്കെട്ടിന്റെ ഷട്ടറുകളും തുറക്കാറുണ്ടായിരുന്നു. വൈഗ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളുൾപ്പെടുന്ന തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്പെടാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.


Source link

Back to top button