LIFESTYLE

‘തീയുണ്ട് കെടാതെ നോക്കിയാൽ മതി’; പേളി മാണി ഉൾപ്പടെ കമന്റ് ബോക്‌സിൽ, താളം തെറ്റിയ അച്ഛനെ തിരുത്തി കുട്ടി ഡ്രമ്മർ

സായ് അഭ്യങ്കിരിയുടെ പവിഴമല്ലിയെന്ന പാട്ടിന് ചുവടുവച്ച് റീൽസ് എടുക്കാത്തവർ കുറവായിരിക്കും. പാട്ടിന്റെ വരികൾ കാണാതെ പഠിച്ചവരും കുറവല്ല. എന്നാൽ, പാട്ടിന്റെ താളത്തിനൊത്ത് അതിമനോഹരമായി ഡ്രംസ്‌ കൊട്ടിക്കേൾപ്പിക്കുന്ന ഒരു കൊച്ചുമിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ബോക്‌സ് ഓഫ് ഷോലി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാട്ടിന്റെ താളം തെറ്റിച്ച് കൊട്ടുന്ന അച്ഛന് ശരിയായി പറഞ്ഞുകൊടുക്കുകയാണ് ഈ കൊച്ചുമിടുക്കൻ. പേളി മാണി ഉൾപ്പടെയുള്ളവർ വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിട്ടുണ്ട്.

ഏത് പാട്ടിന്റെയും താളം അവൻ അനായാസം പഠിച്ചെടുക്കുമെന്ന കാര്യം അക്കൗണ്ടിലെ മറ്റ് വീഡിയോകൾ കാണുമ്പോൾ വ്യക്തമാണ്. സ്വന്തം കാര്യങ്ങൾ പോലും ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയുന്ന പ്രായമായിട്ടില്ല, വാക്കുകൾ പൂർണവ്യക്തതയോടെ പറഞ്ഞുതുടങ്ങിയിട്ടില്ല. പക്ഷേ താളം പിടിക്കുമ്പോൾ അവന്റെ കുഞ്ഞിക്കൈകൈകൾക്ക് പിഴയ്‌ക്കില്ല. അത്രമാത്രം ഇഷ്‌ടത്തോട് കൂടിയാണ് ആ കുരുന്ന് കൊട്ടാൻ തുടങ്ങുന്നത്.

പലപ്പോഴും മൊബൈലിൽ പാട്ട് വച്ച ശേഷം അതിന്റെ താളത്തിൽ കൊട്ടാൻ നിർദേശവും നൽകി അച്ഛനമ്മമാർ അവനരികിലിരിക്കാറുണ്ട്. ചില സമയങ്ങളിൽ അവനിഷ്‌ടപ്പെട്ട പാട്ട് പാടി നൽകാറുമുണ്ട്. ഇനി ആരും പാട്ട് പാടിയില്ലെങ്കിൽപോലും അവന്റെ ഹൃദയത്തിൽ താളമുണ്ടെന്നുള്ള കാര്യം വ്യക്തം. വലിയ അഭിനന്ദനങ്ങളോടെയാണ് കുരുന്നിന്റെ ഓരോ വീഡിയോയും ആളുകൾ സ്വീകരിക്കുന്നത്. ‘തീയുണ്ട് കെടാതെ നോക്കണം’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ചെറിയ പ്രായത്തിലും അത്രമാത്രം സൂക്ഷ്‌മതയോടെ താളം കൈകാര്യം ചെയ്യുന്ന അവൻ ഭാവിയിൽ മികച്ചൊരു ഡ്രമ്മറായി മാറുമെന്ന് ആശംസിക്കുന്നവരും കുറവല്ല.



Source link

Back to top button