BUSINESS

സബ്‌സിഡിയോട് കൂടി വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ എത്ര ചെലവ് വരും? എൽപിജി വിലവർധന മറന്നേക്കൂ


Inflation Kerala: രാജ്യത്ത പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ- ഇസ്രായേൽ യുദ്ധം വീണ്ടും ശക്തമായിരിക്കുകയാണ്. ഹോർമുസ് പൂർണ്ണമായും അടഞ്ഞുകിടക്കുന്നു. ഇത് രാജ്യത്തേയ്ക്കുള്ള എണ്ണ, വാതക ഗതാഗതത്തെ വീണ്ടും സമ്മർദത്തിലാക്കും. വരും ദിവസങ്ങളിൽ ഗാർഹിക, വാണിജ്യ എൽപിജി വിലകൾ വീണ്ടും ഉയരാനുള്ള സാധ്യതയാണുള്ളത്. തുടരെത്തുടരെയുള്ള വാതക വില വർധനയും, മറ്റു വിലക്കയറ്റങ്ങളും നിങ്ങളുടെ കുടുംബ ബജറ്റിനെ ചോദ്യം ചെയ്യുന്നുണ്ടോ? എങ്കിൽ വീട്ടിൽ ഒരു ബായോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനെ പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുക്കളയിലെ ജൈവമാലിന്യങ്ങളിൽ നിന്ന് പാചകവാതകം ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിലെ വീടുകൾക്ക് വളരെ അനുയോജ്യമാണ്. കൂടാതെ ഇത്തരം പ്ലാന്റുകൾക്ക് സർക്കാർ സബ്‌സിഡിയും ലഭിക്കും. കൂടുതൽ അറിയാൻ വായന തുടരൂ. ബയോഗ്യാസ് പ്ലാന്റ് ചെലവ്കേരളത്തിൽ 4 മുതൽ 5 വരെ അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് ഒരു ദിവസം 0.75 മുതൽ 1 ക്യുബിക് മീറ്റർ ശേഷിയുള്ള പ്ലാന്റ് ധാരാളമാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഏകദേശം 18,000 രൂപ മുതൽ 35,000 രൂപ വരെ ചെലവ് വരും. പ്ലാന്റിന്റെ മെറ്റീരിയൽ (എഫ് ആർ പി അല്ലെങ്കിൽ കോൺക്രീറ്റ്) അനുസരിച്ചാണ് ചെലവ്. പൈപ്പുകൾ, അടുക്കളയിലെ പ്രത്യേക ബയോഗ്യാസ് സ്റ്റൗ, ഇൻസ്റ്റലേഷൻ ചാർജ് എന്നിവയെല്ലാം ഈ ചെലവിൽ ഉൾപ്പെടും. കേന്ദ്ര- കേരള സർക്കാർ സബ്‌സിഡിബയോഗ്യാസ് പ്ലാന്റുകൾക്ക് ഇപ്പോഴും സബ്‌സിഡി ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലർക്കും ഇക്കാര്യം അറിയില്ല. കേരള സർക്കാരിന്റെ ശുചിത്വ മിഷൻ (Suchitwa Mission), അനെർട്ട് (ANERT) എന്നിവ വഴിയാണ് സബ്‌സിഡി നൽകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഗാർഹിക ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നു. പ്ലാന്റ് വിലയുടെ 30% മുതൽ 50% വരെ (ഏകദേശം 8,000 മുതൽ 15,000 വരെ) സബ്‌സിഡി ലഭിക്കും. ‘ഗോവർധൻ യോജന’ ആണ് കേന്ദ്ര സർക്കാരിന്റെ ബയോഎനർജി പ്രോഗ്രാം. അതേസമയം കേന്ദ്ര- സംസ്ഥാന സ്‌കീമുകൾ എപ്പോഴും ലഭ്യമല്ല. അതിനാൽ ഇതിലേയ്ക്കുള്ള അപേക്ഷ സമയം ശ്രദ്ധിക്കേണ്ടതുമ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ മുൻകൂട്ടി അപേക്ഷിച്ച് അനുമതി വാങ്ങിയ ശേഷം വേണം ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ.ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനംപ്ലാന്റിനുള്ളിൽ ബാക്ടീരിയകളെ വളർത്തിയാണ് പ്ലാന്റിന്റെ പ്രവർത്തനം. ഓക്‌സിജന്റെ അസാന്നിധ്യത്തിൽ ജൈവമാലിന്യങ്ങളെ ജീർണ്ണിപ്പിക്കുന്നത് ബാക്ടീരിയകളാണ്. പ്ലാന്റിലെ ഇൻലെറ്റ് വഴി നമ്മൾ നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങൾ ബാക്ടീരിയകളുമായി ചേർന്ന് പുളിക്കുന്നു. ഇതിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന മീഥെയ്ൻ, കാർബൺ ഡയോക്‌സൈഡ് എന്നിവ അടങ്ങിയ വാതകമാണ് ബയോഗ്യാസ്. ഇത്് ഗ്യാസ് ഹോൾഡറിൽ ശേഖരിക്കുകയും, പൈപ്പ് വഴി അടുക്കളയിലെ സ്റ്റൗവിലേക്ക് എത്തുകയും ചെയ്യുന്നു.എത്ര രൂപ ലാഭിക്കാം?ഒരു സാധാരണ പ്ലാന്റിലൂടെ ദിവസവും 1.5 മുതൽ 2 മണിക്കൂർ വരെ പാചകം ചെയ്യാനുള്ള ഗ്യാസ് ലഭിക്കുമെന്ന് ഉപയോക്താക്കൾ പറയുന്നു. അതായത് ഈ പ്ലാന്റ് വഴി നിങ്ങൾക്ക് ഒരു വർഷം ഏകദേശം 4 മുതൽ 6 വരെ എൽപിജി സിലിണ്ടറുകൾ ലാഭിക്കാൻ സാധിക്കും. അതായത് ഏകദേശം 4000 മുതൽ 6000 രൂപ വരെ ലാഭിക്കാം. നിലവിലെ പ്രശ്‌നം എൽപിജി സിലിണ്ടറുകൾ എത്രനാൾ മുടക്കം കൂടാതെ കിട്ടുമെന്നതാണ്. ബയോഗ്യാസ് വഴി നിങ്ങൾക്ക് ഈ വലിയ തലവേദനയെ സുഖമായി അതിജീവിക്കാം. പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന സ്ലറി (Slurry) മികച്ചൊരു ജൈവവളമാണ്. നിങ്ങൾക്ക് ഇവ കൃഷിക്കായി ഉപയോഗിക്കാം. അല്ലെങ്കിൽ ഈ വളം വിറ്റും വരുമാനം കണ്ടെത്താം. എത്ര സ്ഥലം ആവശ്യമുണ്ട്? പ്ലാന്റ് എന്നൊക്കെ കേൾക്കുമ്പോൾ വലിയ സ്ഥലം ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ ഈ ധാരണ തെറ്റാണ്. പോർട്ടബിൾ റെഡിമേഡ് പ്ലാന്റുകൾക്ക് വളരെ കുറച്ചു സ്ഥലം മതി. ഏകദേശം 2 മീറ്റർ നീളവും 2 മീറ്റർ വീതിയും മാത്രമാണ് ഇവയ്ക്കുള്ളത്. അതായത് ആവശ്യമായ സ്ഥലം ഏകദേശം 40- 50 സ്‌ക്വയർ ഫീറ്റ് മാത്രം. വീടിന്റെ ടെറസ്സിലോ, മുറ്റത്തോ, അടുക്കളയോട് ചേർന്നുള്ള ഭാഗങ്ങളിലോ ഇവ എളുപ്പത്തിൽ സജ്ജമാക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾപച്ചക്കറി മാലിന്യങ്ങൾ, പഴങ്ങൾ പോലുള്ളവയാണ് ഇവയിൽ നിക്ഷേപിക്കേണ്ടത്. കോഴി തൂവൽ, പ്ലാസ്റ്റിക്, പേപ്പർ, മണ്ണ്, ചിപ്പുകൾ, മുട്ടത്തോട്, നാരങ്ങത്തോടുകൾ, വലിയ അളവിൽ പുളിച്ച തൈര്/മോര്, സോപ്പ് വെള്ളം എന്നിവയൊന്നും ഈ പ്ലാന്റിൽ നിക്ഷേപിക്കരുത്. ഇത് പ്ലാന്റിലെ ബാക്ടീരിയകളെ കൊല്ലും. ഇതോടെ ഗ്യാസ് ഉൽപ്പാദനം നിലയ്ക്കും. പ്ലാന്റിന്റെ ശേഷിക്ക് അനുസരിച്ച് മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കണം. മുകളിൽ പറഞ്ഞ ഒരു സാധാരണ പ്ലാന്റിൽ ഒരു ദിവസം പരമാവധി 5-7 കിലോഗ്രാം ജൈവമാലിന്യം മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. മാലിന്യം നിക്ഷേപിക്കുന്നതിനൊപ്പം തുല്യ അളവിലോ അല്ലെങ്കിൽ 1:1 എന്ന അനുപാതത്തിലോ വെള്ളം ചേർത്ത് ലായനി രൂപത്തിലാക്കി വേണം ഒഴിക്കാൻ. ബാക്ടീരിയകളുടെ പ്രവർത്തനത്തിന് ചൂട് ആവശ്യമായതിനാൽ പ്ലാന്റ് നല്ലതുപോലെ വെയിൽ ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതാണ് അഭികാമ്യം. (മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ വിവരങ്ങളുടെയും, റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ വാർഡ് മെമ്പറെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയോ ബന്ധപ്പെടുക.)


Source link

Back to top button