NEWS
അർജന്റീന ആരാധകരുടെ ആവേശത്തിൽ ‘പണി’ കിട്ടിയത് കെഎസ്ആർടിസി ബസിന്; പതാക പാറിപ്പോകാതിരിക്കാൻ കെട്ടിത്തൂക്കിയ കരിങ്കല്ല് ഇടിച്ച് ചില്ലു തകർന്നു

കുമരനല്ലൂർ ∙ ഫുട്ബോൾ ആരാധകർ ഉയർത്തികെട്ടിയ പതാകയിൽ കെട്ടിത്തൂക്കിയിട്ടിരുന്ന കരിങ്കല്ല് പതിച്ച് കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. കുറ്റിപ്പുറത്ത് നിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലാണ് കുമ്പിടി തൃത്താലറോഡിൽ ചിറ്റപ്പുറത്തുവച്ചു തകർന്നത്. അർജന്റീന ആരാധകർ ബസ് സ്റ്റോപ്പിന് സമീപം ഉയർത്തികെട്ടിയ അർജന്റീനയുടെ വലിയ പതാകയുടെ അടിയിലായി ഇതു പാറി പോകാതിരിക്കാൻ കെട്ടിത്തൂക്കിയ കരിങ്കല്ല് കാറ്റടിച്ചപ്പോൾ ബസിന്റെ ചില്ലിൽ വന്ന് അടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 3.20നായിരുന്നു അപകടം. സംഭവ സമയത്ത് ബസിൽ 14 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ കെ.എം.രവിചന്ദ്രൻ ചില്ല് തെറിച്ചുവീണ് നിസ്സാര പരുക്കേറ്റു. അപകടഭീഷണി ഉയർത്തുന്ന തരത്തിൽ സ്ഥാപിച്ച കൊടികളും ഫ്ലെക്സുകളും ഫുട്ബോൾ ആരാധകർ നീക്കം ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Source link


