HEALTH

ഷുഗർ കട്ട്; പഞ്ചസാര പൂർണമായും ഉപേക്ഷിക്കേണ്ടതുണ്ടോ?


ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന മിക്കവരുടെയും ആദ്യത്തെ കഠിനഘട്ടമാണ് ഷുഗർ കട്ട്. ചായയിലെയും കാപ്പിയിലെയും പഞ്ചസാര മുതൽ മധുരപലഹാരങ്ങൾ വരെ പൂർണമായും ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് പഞ്ചസാരയെ പൂർണമായി ഉപേക്ഷിക്കേണ്ടതുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ എല്ലാ തരത്തിലുള്ള പഞ്ചസാരയും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഞ്ചസാരയുടെ അളവിനേക്കാൾ പ്രധാനമാണ് അത് എത്ര തവണ കഴിക്കുന്നുവെന്നതും ഏത് ഉറവിടത്തിൽനിന്നാണ് ലഭിക്കുന്നുവെന്നതും.പഞ്ചസാരയ്ക്ക് ഇത്രയധികം മോശം പേരുണ്ടാകാനുള്ള കാരണം അതിന്റെ അമിത ഉപയോഗമാണ്. ഒരാളുടെ ഭക്ഷണത്തിൽ അമിതമായ അളവിൽ ചേർക്കുന്ന പഞ്ചസാര അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ഫാറ്റി ലിവർ, വീക്കം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാനീയങ്ങളിൽ (പ്രത്യേകിച്ച് ശീതളപാനീയങ്ങൾ), മിഠായികൾ (ചോക്ലേറ്റ് പോലുള്ളവ), ബേക്ക് ചെയ്ത വിഭവങ്ങൾ (കുക്കികൾ പോലുള്ളവ), റെഡി-ടു-ഈറ്റ് (അല്ലെങ്കിൽ മൈക്രോവേവ്) എന്നിവയിലെല്ലാം നമ്മൾ കരുതുന്നതിലുമധികം പഞ്ചസാര അടങ്ങിയിട്ടുണ്ട്.പലരും ദിവസത്തിൽ പലതവണ പഞ്ചസാര കഴിക്കുകയും എത്രമാത്രം കഴിക്കുന്നു എന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നു എന്നതാണ് യഥാർഥ ആശങ്ക. രാവിലെ മധുരം ചേർത്ത കാപ്പി, ഉച്ചയ്ക്ക് ജ്യൂസ്, വൈകുന്നേരം ചായയ്‌ക്കൊപ്പം ബിസ്‌കറ്റ്, രാത്രി ഡെസേർട്ട് എന്നിവ പതിവാക്കിയാൽ അറിയാതെ തന്നെ പഞ്ചസാരയുടെ അളവ് വർധിക്കും. ഇതിനർത്ഥം എല്ലാ തരം പഞ്ചസാരയും ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം എന്നല്ല.സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മിതമായി കഴിക്കുമ്പോൾ, ശരീരത്തിന് ആവശ്യമായ അളവിലുള്ള പഞ്ചസാര ലഭിക്കുന്നു. പഞ്ചസാര പ്രധാനമായും രണ്ട് തരത്തിലുണ്ട്.പ്രകൃതിദത്ത പഞ്ചസാര- പഴങ്ങൾ, പാൽ, ചില പച്ചക്കറികൾ എന്നിവയിൽ സ്വാഭാവികമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയിൽ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മധുരമുള്ളതിന്റെ പേരിൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതില്ല.ചേർത്ത പഞ്ചസാര (Added Sugar)- ശീതളപാനീയങ്ങൾ, മിഠായികൾ, കേക്ക്, ബിസ്‌കറ്റ്, ഫ്‌ളേവേർഡ് യോഗർട്ട്, സോസുകൾ, പ്രോസസ്ഡ് സ്‌നാക്കുകൾ എന്നിവയിൽ അധികമായി ചേർക്കുന്ന പഞ്ചസാരയാണ് ഇത്. ഇവ ശരീരത്തിന് കൂടുതൽ കലോറി നൽകുമെങ്കിലും പോഷകഗുണം വളരെ കുറവായിരിക്കും. അതുകൊണ്ട് എല്ലാ മധുരപദാർഥങ്ങളും ഒഴിവാക്കുന്നതിനേക്കാൾ നല്ലത്, added sugar-ന്റെ ഉപയോഗം കുറയ്ക്കുന്നതാണെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Source link

Back to top button