NEWS

* സ്ഥാനക്കയറ്റം, തസ്തിക നിർണയം വൈകുന്നു * അസിസ്റ്റന്റ് പ്രൊഫസർ: നിയമനം കിട്ടാതെ ഒന്നാം റാങ്കുകാരും

കൊച്ചി: ഗവ. കോളേജുകളിൽ പ്രിൻസിപ്പൽ സ്ഥാനക്കയറ്റവും തസ്തിക നിർണയവും വൈകുന്നതിനാൽ തൊഴിലവസരം നഷ്ടപ്പെട്ട് പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലുള്ള നാനൂറോളം ഉദ്യോഗാർത്ഥികൾ. വിവിധ വിഷയങ്ങളിലെ ഒന്നാം റാങ്കുകാരും ഇതിലുണ്ട്.

സംസ്ഥാനത്തെ ഭൂരിഭാഗം ഗവ. കോളേജുകളിലും താത്കാലിക പ്രിൻസിപ്പൽമാരാണ്. കഴിഞ്ഞ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുപ്പതോളം കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽ നിയമനം നടന്നിരുന്നു. കേസും സാങ്കേതിക തടസങ്ങളും കാരണം ബാക്കി നിയമനങ്ങൾ സ്തംഭിച്ചു.

നിലവിലുള്ള സീനിയർ പ്രൊഫസർമാർക്ക് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അവർ അതത് ഡിപ്പാർട്ട്‌മെന്റുകളുടെ ഭാഗമല്ലാതായി മാറുകയും ‘പ്രിൻസിപ്പൽ” എന്ന പുതിയ വിഭാഗം തസ്തികയിലേക്ക് മാറുകയും ചെയ്യും. ഡിപ്പാർട്ട്‌മെന്റുകളിൽ ഇങ്ങനെ ഉണ്ടാകുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് പി.എസ്‌.സി ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കാൻ സാധിക്കും. നാൽപ്പതോളം പ്രിൻസിപ്പൽ പോസ്റ്റുകളുമുണ്ടാകും.

 വർക്ക് ലോഡ് നിർണയത്തിൽ ഇരട്ടത്താപ്പ്

അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ അനുവദിക്കാൻ 16 മണിക്കൂർ വർക്ക് ലോഡ് വേണമെന്നാണ് സർക്കാർ നിലപാട്. യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രൊഫസർമാർക്കും 14 ടീച്ചിംഗ് മണിക്കൂർ മതിയെന്ന ഇളവുണ്ടെങ്കിലും സർക്കാർ പരിഗണിക്കുന്നില്ല. ‘പി.ജി വെയിറ്റേജ്’ (പി.ജി ക്ലാസുകൾ എടുക്കുന്ന 1 മണിക്കൂർ 1.5 മണിക്കൂറായി കണക്കാക്കുന്ന രീതി) നിറുത്തലാക്കിയതും തസ്തികകൾ ഇല്ലാതാകാൻ കാരണമായി. ഇത്തരത്തിലാണ് 361 അധിക തസ്തികകളുണ്ടെന്ന് സ‌‌ർക്കാർ കണ്ടെത്തിയത്. ഇതിൽ 154 തസ്തികകൾ പുന‌ർവ്യന്യസിച്ചെങ്കിലും വിരമിച്ച തസ്തികകളിൽ പകരം നിയമിക്കാതെ പിടിച്ചുവച്ച് നിരവധി ഒഴിവുകൾ ഇല്ലാതാക്കി. 2026 ജനുവരിയിലെ ഉത്തരവിന്റെ തുടർനടപടിയായി 140തസ്തികൾ കൂടി റദ്ദാക്കാനുള്ള നീക്കത്തിലാണിപ്പോൾ. നിലവിൽ 90 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോ‌ർട്ട് ചെയ്തിട്ടുള്ളത്.

 നാലുവർഷ ബിരുദ പ്രതിസന്ധി

നാലുവർഷ ബിരുദ കോഴ്‌സുകൾ വന്നതോടെ പുതിയ തസ്തികകൾ ഉണ്ടാകുമെന്ന ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയും അസ്ഥാനത്താണ്. ഒരു പുതിയ കോഴ്‌സ് തുടങ്ങി ആദ്യ ബാച്ച് വിജയിച്ച് പുറത്തിറങ്ങാതെ പുതിയ തസ്തികകൾ അനുവദിക്കുന്ന പതിവ് സർക്കാരിനില്ല. അതിനാൽ ഈ കോഴ്‌സിന്റെ പേരിൽ ഉടനടി തസ്തികകൾ പ്രതീക്ഷിക്കാനാകില്ല.

പി.എസ്‌.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറായിട്ടും തുടരുന്ന അവഗണനയ്ക്കെതിരെ ശക്തമായ നിയമപോരാട്ടത്തിലും പ്രക്ഷോഭത്തിലുമാണ്.

സിദ്ധാ‌ർത്ഥ്

പി.എസ്.സി റാങ്ക് ഹോൾഡർ

ഇസ്ലാമിക് ഹിസ്റ്ററി


Source link
NEWS

Back to top button