NEWS

ജോലിക്കുപോകാൻ രാവിലെ ധൃതിയിൽ ഷൂ ഇട്ടു, യുവതിക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് കടിയേറ്റത്. യുവതിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

രാവിലെ ജോലിക്കുപോകാൻ ധൃതിയിൽ ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് മനസിലാക്കുകയും ഊരി എറിയുകയുമായിരുന്നു. പക്ഷേ, ഇതിനിടയിൽ കടിയേറ്റു. സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ അനഘയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ആന്റിവെനം നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അനഘയുടെ വീട്ടുപരിസരത്തുനിന്ന് പാമ്പിനെ പിടികൂടി. മൂർഖനാണ് ഷൂസിനുള്ളിലുണ്ടായിരുന്നത്.

കേരളത്തിൽ പലയിടത്തും അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. പലർക്കും ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ നഷ്ടമാകാതിരുന്നത്. വീടിനുപുറത്ത് ഇട്ടിരിക്കുന്ന ചെരുപ്പുകൾക്കുള്ളിലും ഷൂസുകൾക്കുള്ളിലുമാണ് പാമ്പുകൾ കയറിപ്പറ്റുന്നത്. ഷൂസുകൾക്കുള്ളിലെ ഇരുണ്ടതും തണുപ്പുളളതുമായ അന്തരീക്ഷമാണ് പാമ്പുകളെ ആകർഷിക്കുന്നത്. പുറമെ നിന്നുള്ള ഒന്നിന്റെയും ശല്യം ഇല്ലാത്തതും ഷൂസിനെ പാമ്പുകളുടെ സുരക്ഷിത ഇടങ്ങളാക്കുന്നു. ഷൂസിനുള്ളിലെ വിയർപ്പിന്റെ ഗന്ധം ചെറുപ്രാണികളെയും മറ്റും ആകർഷിക്കുന്നു. ഇവയെ പിന്തുടർന്നെത്തുന്ന പാമ്പുകളും ഷൂവിനുള്ളിൽ കടക്കാനിടയുണ്ട്.

വീടിന് പുറത്ത് ഷൂസുകൾ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടപ്പുള്ള ഷൂ റാക്കുകൾ ഉപയോഗിക്കുക. ധരിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നതും ഷൂ കുലുക്കുന്നതും നന്നാണ്. ഉള്ളിൽ പാമ്പുകൾ ഉണ്ടെങ്കിൽ ഇങ്ങനെചെയ്യുമ്പോൾ പുറത്തുവരും.


Source link
NEWS

Back to top button