NEWS
ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി റോഡരികിൽ സ്വന്തം കാർ കത്തിച്ച യുവാവ് അറസ്റ്റിൽ

കൂറ്റനാട് ∙ ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി സ്വന്തം കാർ അഗ്നിക്കിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമാരപുരം പള്ളിക്കരയിൽ വടക്കേക്കര വീട്ടിൽ താജുദ്ദീനെയാണ് (36) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കറുകപുത്തൂരിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു സംഭവം. കറുകപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം റോഡരികിൽ കാർ കത്തുന്നതു കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്.പട്ടാമ്പിയിൽ നിന്ന് അഗ്നിരക്ഷാസേന യൂണിറ്റ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തി നശിച്ചിരുന്നു. പിന്നീട് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. തിരുമിറ്റക്കോട് സ്വദേശിയായ യുവതിയെയാണു താജുദ്ദീൻ വിവാഹം കഴിച്ചിരുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അതിന്റെ തുടർച്ചയായാണു കാർ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് ആളുകളുടെ ജീവനു ഭീഷണിയായി വാഹനം തീവച്ചതിനു പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link


