കൃഷി മുന്നൂറോളം ഏക്കറിൽ, 12 കോടിയോളം രൂപയുടെ വിറ്റുവരവ്, രാജ്യാന്തര ശ്രദ്ധ നേടി ‘വരവൂർ ഗോൾഡ്’

ചെറുതുരുത്തി: തനതായ രുചികൊണ്ടും വലിപ്പംകൊണ്ടും രാജ്യാന്തര ശ്രദ്ധ നേടിയ ‘വരവൂർ ഗോൾഡ്’ കൂർക്ക കൃഷിക്ക് തുടക്കമായി. സംസ്ഥാനത്തിന് തന്നെ മാതൃകയായ വരവൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ കൃഷിയിറക്കൽ. സി.ഡി.എസിന് കീഴിലുള്ള 27 ജെ.എൽ.ജി ഗ്രൂപ്പുകൾ ചേർന്ന് 48 ഏക്കർ പാടശേഖരത്തിലാണ് കൃഷി ചെയ്യുന്നത്. 110 വനിതാ കർഷകരാണ് ഇതിന് പിന്നിൽ. കുടുംബശ്രീ മിഷൻ, വരവൂർ പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയാണ് പദ്ധതി. കുമരപ്പനാൽ, തളി, പിലാക്കാട്, നായരങ്ങാടി, പാലക്കൽ, ചെമ്പൻ പടി, കാഞ്ഞിരശ്ശേരി, കമ്മുള്ളി മുക്ക്, തൈക്കുളം, നടുത്തറ എന്നീ പാടശേഖരങ്ങളിലാണ് കൃഷി.
പച്ചക്കറി കൃഷിയും സജീവം
കൂർക്കയ്ക്ക് പുറമെ ഓണവിപണി ലക്ഷ്യമിട്ട് ഏഴര ഏക്കറിൽ പച്ചക്കറിക്കൃഷിയും ഇവർ ആരംഭിച്ചിട്ടുണ്ട്. ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷിയും ഇതിലുണ്ട്. കുടുംബശ്രീക്ക് പുറമെ വരവൂരിലെ വിവിധ പാടശേഖരങ്ങളിലായി സ്വകാര്യ വ്യക്തികളും മുന്നൂറോളം ഏക്കറിൽ കൂർക്ക കൃഷി ചെയ്യുന്നുണ്ട്. ഇതിലൂടെ 12 കോടിയോളം രൂപയുടെ വിറ്റുവരവാണുള്ളത്. വലിപ്പത്തിലും രുചിയിലും മുന്നിൽ നിൽക്കുന്ന വരവൂർ കൂർക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറിവരികയാണ്.
കോടികളുടെ വിറ്റുവരവ്മറ്റ് പ്രദേശങ്ങളിലെ കൂർക്ക വിളവെടുക്കുന്നതിന് മൂന്നുമാസം മുൻപ് തന്നെ വരവൂർ ഗോൾഡ് വിപണിയിലെത്തും. വിപണിയിൽ മികച്ച വിലയും ലഭിക്കാറുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ വരവൂർ ഗോൾഡ് വൻതോതിൽ കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൂർക്ക കൃഷിയിലൂടെ മാത്രം 2.24 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ഗ്രൂപ്പുകൾ നേടിയത്. വരവൂർ കുടുംബശ്രീ സി.ഡി.എസ് ഇതിനോടകം നിരവധി തവണ ജില്ലാ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
കൃഷി ചെയ്യുന്ന പാടശേഖരം-48 ഏക്കർവനിതാ കർഷകർ- 110
കഴിഞ്ഞ വർഷം ലഭിച്ചത് – 2.24 കോടി
Source link
NEWS


