BUSINESS

ഹോർമുസ് അടഞ്ഞാലും മൂന്നു മാസത്തേക്ക് ഇനി ‘ടെൻഷൻ വേണ്ട’, ‘ചൈനീസ് മോഡലി’ന് ഇന്ത്യ; പുതിയ പദ്ധതി വരുന്നു


യുഎസ് – ഇറാൻ യുദ്ധത്തിന്റെയും ഹോർമുസ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ ക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. നിലവിൽ രണ്ടു മാസത്തേക്കുള്ള ക്രൂഡോയിൽ ശേഖരമാണ് ഇന്ത്യയ്ക്കുള്ളത്. ഇത് മൂന്നുമാസത്തേക്കായി വർധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആവശ്യമായ 89 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ രാജ്യാന്തര ക്രൂഡോയിൽ വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയ്ക്ക് വലിയ ആഘാതമാകും. നിലവിലെ യുദ്ധസാഹചര്യം കഴി‍ഞ്ഞ ശേഷം ഘട്ടം ഘട്ടമായി ക്രൂഡോയിൽ ശേഖരം ഉയർത്താൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകുമെന്നാണ് വിവരം. നിലവിലുള്ള സംഭരണശാലകൾ വികസിപ്പിച്ചോ പുതിയവ സ്ഥാപിച്ചോ ആയിരിക്കും ശേഖരണം വർധിപ്പിക്കുന്നത്. കുറഞ്ഞത് മൂന്നു മാസമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന ക്രൂഡോയിൽ ശേഖരിക്കും. ആറുമാസത്തെ ക്രൂഡോയിൽ ശേഖരം സൂക്ഷിക്കുന്ന ചൈനീസ് മാതൃകയിലേക്ക് മാറാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നും റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ 5.33 മില്യൻ മെട്രിക് ടൺ ക്രൂ‍ഡോയിൽ ഇന്ത്യ സൂക്ഷിക്കുന്നുണ്ട്. ഇത് വർധിപ്പിക്കാനും കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്.2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 13,470 കോടി ഡോളറിന്റെ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ ആകെ ഇറക്കുമതി ചെലവിന്റെ 17 ശതമാനമാണിത്. എന്നാൽ ഇറാൻ-യുഎസ് യുദ്ധത്തോടെ ക്രൂഡോയിൽ വില കുതിച്ചത് ഇന്ത്യയുടെ ഇറക്കുമതി ചെലവും വർധിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ക്രൂഡോയിൽ വില ഉയർന്നത് രാജ്യത്തെ വിദേശനാണ്യ ശേഖരത്തിലും ഇടിവുണ്ടാക്കിയിരുന്നു. സ്വർണഇറക്കുമതി തീരുവ വർധിപ്പിച്ചും വിദേശനിക്ഷേപം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുമാണ് കേന്ദ്രസർക്കാർ ഇതിനെ നേരിട്ടത്.


Source link

Back to top button